തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് നേട്ടവുമായി പിണറായി വിജയൻ. മുഖ്യമന്ത്രിപദത്തിൽ ഇന്ന് 2,364 ദിവസം പിന്നിടുകയാണ് പിണറായി. ഈ ദിനത്തിൽ സി.അച്യുതമേനോന്റെ റെക്കോർഡാണ് അദ്ദേഹം മറികടക്കുന്നത്. 2,364 ദിവസമാണ് അച്യുതമേനോൻ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നത്.
അച്യുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. അടിയന്തരാവസ്ഥ കാലമായതിനാലാണ് അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രിപദം ഉൾപ്പെടെയുള്ള കണക്കാണിത്. എന്നാൽ പിണറായി വിജയൻ തുടർച്ചയായ 2 മന്ത്രിസഭാ കാലത്താണ് ഈ നേട്ടം കൈവരിക്കുന്നത്. രണ്ടു തവണയും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടാണ് പിണറായി മുഖ്യമന്ത്രിയായത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് ഇ.കെ.നയനാരാണ്. നയനാർ 10 വർഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി പദത്തിലിരുന്നത്.