തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നിയമാനുസൃത നടപടിയെടുക്കാൻ നിർദ്ദേശം. അനുമതിയില്ലാതെ ആത്മകഥ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എഴുതിയതിനാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. വകുപ്പുതല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആത്മകഥ എഴുതിയത് ചട്ടലംഘനമെന്ന് മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, നടപടി എടുക്കുന്നത് സംബന്ധിച്ച് വിവരമില്ലെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിൽ 14 ഇടത്ത് ചട്ടലംഘനമുണ്ടെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. നേരത്തെ ആത്മകഥ എഴുതാൻ ജേക്കബ് തോമസ് അനുമതി ചോദിച്ചിരുന്നുവെങ്കിലും അത് ലഭിച്ചിരുന്നില്ല. 2016 ഒക്ടോബറിലാണ് അനുമതി ചോദിച്ചത്. എന്നാൽ ഉളളടക്കം ഹാജരാക്കണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നൽകാത്തത് കാരണം അനുമതി നൽകിയില്ലെന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്തകൾ.
Read More: സർവീസ് മതിയാക്കാൻ ആദ്യം ആലോചിച്ചതിന് പിന്നിൽ- ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പ്രകാശനം ചെയ്യാനിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ അദ്ദേഹം ആ ചടങ്ങിൽ നിന്നും പിന്മാറിയിരുന്നു. മുൻമന്ത്രിയും കോൺഗ്രസ് എംഎഎയുമായ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതും പുസ്തകം വിവാദമായതുമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ആദ്യ പുസ്തകത്തിന്രെ പ്രകാശന ചടങ്ങിൽ നിന്നും പിന്മാറിയത്. പുസ്തകത്തിൽ സി.ദിവാകരൻ എംഎൽഎയ്ക്കെതിരെ പരാമർശമുളളതിനാൽ പുസ്തക പ്രകാശനത്തിൽനിന്ന് പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിന്മാറിയതോടെ ചടങ്ങു റദ്ദാക്കിയതായി ജേക്കബ് തോമസ് അറിയിച്ചു.
“നേരിട്ട വെല്ലുവിളികൾ കാര്യവും കാരണവും” എന്ന രണ്ടാമത്ത പുസ്തകം പ്രസിദ്ധീകരിക്കാനും അനുമതി തേടിയിരുന്നു. എന്നാൽ അതും സർക്കാർ അനുമതി നൽകുന്നതിന് മുമ്പ് തന്നെ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.
സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1966ലെ പൊലീസ് ഫോഴ്സ് റെസ്ട്രിക്‌ഷൻസ് ആക്ടിലെ വകുപ്പ് മൂന്നു പ്രകാരം അനുവദനീയമല്ലെന്ന് ഇന്റലിജൻസ് ഡിജിപി മുഹമ്മദ് യാസിനും റിപ്പോർട്ട് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം.