തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എക്കെതിരേ ഉയര്‍ന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അൻവറിനെതിര നിയമസഭാ സ്പീക്കര്‍ക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് മലപ്പുറം ജില്ലാ കലക്ടറോട് പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് എംഎൽഎയ്ക്കെതിരെ പരാതി നൽകിയത്. സത്യവാങ്മൂലത്തിൽ നൽകിയ തെറ്റായ വിവരങ്ങളും രണ്ടാം ഭാര്യയുടെ വിവരങ്ങൾ മറച്ചുവച്ചതും സംബന്ധിച്ചുളളതാണ് പരാതി. വില്ലേജ് ഓഫീസ് രേഖകളിൽ സ്വന്തം പേരിലല്ലാത്ത ഭൂമി സത്യവാങ്മൂലത്തിൽ തന്റേതായി എംഎൽഎ കാണിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, ഇത് അച്ചടി പിശകെന്നാണ് എംഎൽഎയുടെ വിശദീകരണം.

അതിനിടെ, പി.വി.അന്‍വറിന്റെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ വിശദമായ റിപ്പോര്‍ട്ട് തേടി. റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ