തിരുവനന്തപുരം: 2018-19 ലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ആരോഗ്യ ജാഗ്രത’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ജനപ്രതിനിധികളേയും വകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ടാണ് ആരോഗ്യ ജാഗ്രത പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നത്. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കൂടാതെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ” ആരോഗ്യ ജാഗ്രത ആപ് ” മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന പനിയും പകർച്ചവ്യാധികളുടെയും വിവരങ്ങൾ, വർദ്ധനവ് എന്നിവ മുൻകൂട്ടി അറിയാനും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുവാനും ഈ ആപ്പ് സഹായമാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്. അഡ്വ. കെ.രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, ജി.സുധാകരന്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പകര്‍ച്ചവ്യാധികള്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ആയതിനാല്‍ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ആരോഗ്യ ജാഗ്രതയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഘട്ടംഘട്ടമായാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രതാ യജ്ഞം നടത്തുന്നത്.

ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതരവകുപ്പുകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യ സേന, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് കേരളത്തിലെ വീടുകള്‍ തോറും ബോധവത്ക്കരണം നല്കി ഉറവിട നശീകരണം യാഥാര്‍ത്ഥ്യമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.