scorecardresearch

കൊച്ചി രാജ്യത്തെ വിമാന അറ്റകുറ്റപ്പണികളുടെ ഹബ്ബാകും; സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സിയാലിനെ ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

സിയാലിനെ ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

author-image
WebDesk
New Update
Cial inauguration

സിയാൽ എയറോ പാർക്ക് ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി, ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ്  ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാർക്ക്’ഫേസ് വണ്ണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സിയാലിന്റെ വളർച്ച ഓഹരി ഉടമകൾക്ക് മാത്രമല്ല, യാത്രക്കാർക്കും സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും വലിയ നേട്ടമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നൂറ്റൊന്ന് കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാൽ സജ്ജമാക്കുന്നത്.  നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ വിഭാഗത്തിനു പുറമേയാണിത്. വിവിധ തരത്തിലുള്ള സാങ്കേതിക വിദഗ്ധർക്ക് ആവശ്യമായ സൗകര്യങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ നടത്താനുള്ള സംവിധാനം, വിമാനങ്ങൾ ദീർഘകാലം പാർക്ക് ചെയ്യാനുള്ള സൗകര്യം, സ്റ്റോറേജ് സംവിധാനങ്ങൾ, സെമിനാർ ഹോളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എയർപോർട്ട് ഓപ്പറേഷൻ ഏരിയയിലേക്കും സിറ്റി സൈഡിലേക്കും  കണക്ടിവിറ്റിയും ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ നേരിട്ട് 2000 പേർക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകൾക്കും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: നിയമസഭയിലേക്ക് താൻ മത്സരിക്കാൻ സാധ്യതയില്ല; രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടത് താനല്ല: ഷാഫി പറമ്പിൽ

Advertisment

എയ്റോ പാർക്ക് ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള ബിസിനസ് സെന്റർ, ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി സെന്റർ, ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റർ എന്നിവയുടെ  പ്രവർത്തനങ്ങൾക്കും തുടക്കമാകും.  നാൽപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 30 കോടി രൂപ ചെലവിൽ നിർമ്മിച്ച  സിഐഎഎസ്‌എൽ ബിസിനസ് സെന്ററിൽ ഓഫീസിനും സപ്പോർട്ട് സർവീസിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏവിയേഷൻ മറ്റ് അനുബന്ധ സേവനങ്ങൾക്കും, ബാങ്കിംഗ്,  കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ കമ്പനികൾക്കും ഇത് വലിയ സഹായകമാകും.

എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 13 കോടി രൂപ ചെലവിലാണ് അത്യാധുനിക ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിലെ സാങ്കേതിക പരിപാലന രംഗത്ത് ആവശ്യമായ അത്യാധുനിക യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും സംഭരണവും വിന്യാസവും, അറ്റകുറ്റപ്പണികളും  ഇതിലൂടെ സാധ്യമാകും.

Also Read: ശബരിമല സ്വർണക്കൊള്ള: കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

അഗ്നിശമന സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി 2 കോടി രൂപ ചെലവിൽ 800 ചതുരശ്ര അടിയിൽ നിർമ്മിച്ച ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് സെന്റർ ഇന്ത്യയിൽ തന്നെ ഏറ്റവും വലുതാണ്. അതീവ ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും ഓരോ ജീവനും രക്ഷിക്കാൻ നമ്മുടെ സേനാംഗങ്ങളെ പ്രാപ്തരാക്കുന്നതിനും പുക നിറഞ്ഞതും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഇത് സഹായിക്കും. സംസ്ഥാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഈ കേന്ദ്രം വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

​എയ്റോ പാർക്ക് ഫേസ് വണ്ണിന്റെ ഭാഗമായി 56 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ കൂടി ഉടൻ സജ്ജമാക്കും. 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ കവേഡ് എയർക്രാഫ്റ്റ് പാർക്കിംഗ് സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വ്യോമയാന പരിശീലന രംഗത്ത് സിയാൽ നടത്തുന്ന മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് 8 കോടി രൂപ ചെലവ് വരുന്ന ഏവിയേഷൻ പ്രഷർ സെറ്റഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി. ഈ സംവിധാനം അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകും. 

Also Read: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ഇന്ത്യയിലാദ്യമായി വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കുന്ന അത്യാധുനിക അണ്ടർവാട്ടർ ക്രൂ മെയിന്റനൻസ് സൗകര്യവും ഒരുങ്ങുകയാണ്. 3 കോടി രൂപയുടെ നിർമ്മാണ ചെലവിൽ വരുന്ന പദ്ധതി ജലാശയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകട സാഹചര്യങ്ങളെ നേരിടാൻ രക്ഷാ സേനയെ സജ്ജമാക്കും. സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന എയ്റോ പാർക്ക് രണ്ടാം ഘട്ടം, എയറോസിറ്റി  ഉൾപ്പെടുന്ന എയ്റോ പാർക്ക് മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സിയാൽ ഒരു സമ്പൂർണ്ണ ഏവിയേഷൻ എക്കോസിസ്റ്റമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കഴിഞ്ഞ 10 വർഷമായി നടപ്പിലാക്കി വരുന്ന വികസന കാഴ്ചപ്പാടുകൾ എങ്ങനെയാണ് നാടിന്റെ മുഖച്ഛായ മാറ്റിയത് എന്നതിന്റെ നേർചിത്രമാണ് സിയാൽ. ഒരു നാടിന്റെ  വ്യവസായ സാമ്പത്തിക വളർച്ചയുടെ കരുത്തുറ്റ കേന്ദ്രമാണ് വിമാനത്താവളം എന്ന് സിയാലിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത  'സിയാൽ 2.0' പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്.

അന്താരാഷ്ട്ര നിലവാരമുള്ള ബിസിനസ് ജെറ്റ് ടെർമിനൽ, യാത്രക്കാർക്കായി എയ്റോ ലോഞ്ച്, താജ് കൊച്ചി എയർപോർട്ട് ഹോട്ടൽ, അത്യാധുനിക ഇമ്പോർട്ട് കാർഗോ ടെർമിനൽ തുടങ്ങിയ സംവിധാനങ്ങൾ ഈ കാലയളവിൽ നടപ്പിലാക്കാൻ സാധിച്ചു. യാത്രക്കാർക്കായി ഒരുക്കിയ ഇൻഹൗസ് ഡിജി യാത്ര സംവിധാനവും, വിമാനത്താവള പരിസരത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള 'ഓപ്പറേഷൻ പ്രവാഹ്' ഉൾപ്പെടെയുള്ള പദ്ധതികളും സിയാലിനെ കൂടുതൽ ജനകീയമാക്കി. സിയാലിന്റെ വളർച്ച നാടിന് ആകെ അഭിമാനകരമാണെന്നും,' മുഖ്യമന്ത്രി പറഞ്ഞു.

Read More: റീൽസും രാഷ്ട്രീയ പ്രചാരണത്തിന് ആവശ്യം: ഷാഫി പറമ്പിൽ

Pinarayi Vijayan Nedumbassery Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: