കണ്ണൂർ: ജില്ലയിലെ ആദ്യ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ തലശ്ശേരി ബ്രണ്ണൻ കോളേജ് മൈതാനത്താണ് ആധുനിക സിന്തറ്റിക്ക് ട്രാക്കും സ്പോട്സ് കോംപ്ളക്സും ഒരുങ്ങുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കും സ്‌പോട്‌സ് കോംപ്ലക്‌സും ഉത്തര മലബാറിന്റെ കായിക പ്രതീക്ഷകള്‍ക്ക് ഉണര്‍വ്വ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ കോളേജുകളില്‍ സായിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ആദ്യ സിന്തറ്റിക് ട്രാക്കാണ് ബ്രണ്ണനിലേത്. മികച്ച പരിശീലനത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇതു വഴി ലഭിക്കുക. മൊത്തം 42 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ബ്രണ്ണന്‍ കോളേജിന്റെ കൈവശമുള്ള 7.5 ഏക്കര്‍ സ്ഥലത്താണ് സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. ഇതിന് 8.12 കോടി രൂപ സായി അനുവദിച്ചുകഴിഞ്ഞു.

സംസ്ഥാന, ദേശീയ മത്സരങ്ങള്‍ സിന്തറ്റിക് ട്രാക്കിലാണ് നടത്തുകയെന്നതിനാല്‍ ഇതില്ലാത്തതിനാല്‍ ഉത്തര മലബാറിന് ഇത്തരം മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥക്കും ഇതോടെ മാറ്റം വരും. കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലെയും തലശ്ശേരി സായിയിലെയും കായിക പ്രതിഭകള്‍ക്ക് പദ്ധതി വലിയ അനുഗ്രഹമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ