മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തി. വൻ സ്വീകരണമാണ് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് സിപിഎം പ്രവർത്തകർ നൽകിയത്. ബിജെപിയും സംഘപരിവാർ സംഘടനകളും ഉയർത്തിയ വൻ പ്രതിഷേധങ്ങൾക്കു നടുവിലാണ് മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. സംഘർഷ സാധ്യത മുൻനിർത്തി വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിലുള്ളത്.
കാസർകോട് ലോക്‌സഭ എംപി പി.കരുണാകരനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ എത്തിയത്. വാർത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിടത്തിന്റെ നിർമാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും.
അതേസമയം, ബിജപിയും സംഘപരിവാർ സംഘടനകളും മംഗളൂരുവിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലായതിനാൽ നഗരത്തിൽ ജനസാന്നിധ്യം കുറവാണ്. കടകൾ അടഞ്ഞുകിടക്കുകയാണ്. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധ റാലിയും നടന്നു.
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഹിന്ദു ജാഗരൺ വേദി തുടങ്ങിയ സംഘടനകളാണ് മതസൗഹാർദ റാലിക്കെതിരെ മുന്നോട്ട് വന്നിട്ടുളളത്. പിണറായിയെ മംഗലാപുരത്ത് കാലു കുത്താൻ അനുവദിക്കില്ലെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിപാടി നടത്താനുറച്ച് സിപിഎമ്മും പങ്കെടുക്കാനുറച്ച് പിണറായി വിജയനും മുന്നോട്ട് വന്നതോട് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന സ്ഥിതിയിലായി. ഇതിനുപിന്നാലെ നിരോധനാജ്ഞ പുറപ്പെടുവിച്ച കർണാടക പൊലീസ് സിപിഎമ്മിന്റെ പരിപാടിക്ക് എല്ലാ വിധ സഹകരണവും ഉറപ്പാക്കി. ഇതേ തുടർന്നാണ് പ്രതിഷേധക്കാർ ഹർത്താലിന് ആഹ്വാനം ചെയ്തത്.