തിരുവനന്തപുരം: പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കാൻ ആർക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ ഗൗരവകരമാണ്. ഇവയുടെ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കും. പൊലീസുകാർ പട്ടിയെ കുളിപ്പിക്കേണ്ട. പട്ടിയെ കുളിപ്പിക്കലും വീട്ടു ജോലിയും പൊലീസിന്റെ പണിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞു.

അധികാരം ഭ്രമം തലക്ക് പിടിച്ച ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടായിരുന്നു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പൊലീസുകാരും സേനയിൽ ഉണ്ടായിരുന്നുവെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാറിനെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു.

സുരക്ഷാ ചുമതലകൾക്കായി 335 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടിയെടുക്കും. അച്ചടക്കത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ചെയ്‌താൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.മുരളീധരൻ ആണ് പൊലീസിലെ ദാസ്യപ്പണി വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എഡിജിപിയുടെ മകൾക്ക് എതിരെ നടപടി എടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. പൊലീസിൽ വയറ്റാട്ടി തസ്‌തികയുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. രാജസ്ഥാന്‍കാരനായ ഐപിഎസുകാരന്‍ ഭാര്യയുടെ പ്രസവശുശ്രൂഷയ്‌ക്കായി പൊലീസുകാരെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരാമർശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ