തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താനവക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നയാളാണ് കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു പിണറായിയുടെ മറുപടി.

”റംസാന്‍ നോമ്പുതുറയ്ക്കായി വീട്ടിലേക്ക് ട്രയിനില്‍ പോയ സഹോദരങ്ങളെ, ഒരു കൂട്ടം ആളുകള്‍ വേഷത്തില്‍ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ചതടക്കം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ കൊന്ന് ട്രയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാര്‍ സംരക്ഷിച്ചുവെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം” പിണറായി പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മാനസികാവസ്ഥയിലേക്ക് യുവാക്കളെ എത്തിച്ചത് സംഘപരിവാറാണെന്നും മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസാണെന്നും പിണറായി പറഞ്ഞു. മോദിയുടെ മനസ് ഇപ്പോഴും ആ പഴയ കാക്കി നിക്കറിലും ഷർട്ടിലുമാണ്. ഇന്ത്യയുടെ സംസ്‌കാരം തകര്‍ക്കുന്നവര്‍ മോദിയുടെ അനുയായികളാണ്. ആ അതിക്രമങ്ങളാണ് മോദി ആദ്യം തടയേണ്ടതെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ പ്രസ്താവനക്ക് പിന്നിലെന്നും പിണറായി പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നത് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അടിക്കടി മോദി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്നും കോടിയേരി പറഞ്ഞു.കമ്യൂണിസ്റ്റുകാര്‍ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതമാണെന്ന് കോടിയേരി. ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ് പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങള്‍. ആര്‍എസ്എസ് വേദികളില്‍ എന്ന പോലെയാണ് പൊതുവേദികളിലെ അദ്ദേഹത്തിന്റെ സംസാരമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ, സിപിഎം ജില്ലാ ഓഫിസില്‍ പരിശോധന നടത്തിയ ചൈത്ര തെരേസ ജോണിനെ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. നിയമ വാഴ്ച നടപ്പിലാക്കാനാണ് പൊലീസ് ഓഫിസര്‍മാര്‍ ശ്രമിക്കേണ്ടത്. ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്നും ഒരാളെയും പിടികൂടാന്‍ കഴിഞ്ഞില്ല. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പരിശോധന നടത്തിയതില്‍ ന്യായീകരണമുണ്ട്. റെയ്ഡല്ല, വെറുതെ ഓഫിസില്‍ കയറി പ്രഹസനം നടത്തുകയായിരുന്നു. അതിന്റെ പേരില്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാക്കിയെന്ന് കോടിയേരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ