തിരുവനന്തപുരം: രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളുടേയും ഡാറ്റ പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് അനുവാദം നല്‍കികൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

”ഏതു പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണ്. ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ പോലും ഒഴിവല്ലെന്നത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്ന അപകട സൂചനയാണ് നല്‍കുന്നത്” പിണറായി പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ജനാധിപത്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായേ ഈ ഉത്തരവിനെ കാണാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2000 ഒക്ടോബറില്‍ നിലവില്‍ വന്ന ഐടി ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങള്‍ കൈമാറുന്നതിന് തടവും പിഴയും നല്‍കുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏതു പൗരന്റെയും കമ്പ്യൂട്ടറിലേയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്തു സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുളള മൗലികാവകാശത്തിനും എതിരായ കടന്നാക്രമണമാണ്. ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജൂഡീഷ്യറിയോ പോലും ഒഴിവല്ലെന്നത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്ന അപകട സൂചനയാണ് നല്‍കുന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്ന ശേഷം ജനാധിപത്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായേ ഈ ഉത്തരവിനെ കാണാന്‍ കഴിയൂ.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2000 ഒക്ടോബറില്‍ നിലവില്‍ വന്ന ഐടി ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം യുക്തിരഹിതവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. കുറ്റകരമായ സന്ദേശങ്ങള്‍ കൈമാറുന്നതിന് തടവും പിഴയും നല്‍കുന്ന ഐടി ആക്ടിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചുകൊണ്ടായിരുന്നു.

ആര്‍.എസ്.എസ്സിനോടും ബിജെപിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങള്‍ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ച് കൊണ്ടുവന്ന ഈ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തു വരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.