/indian-express-malayalam/media/media_files/uploads/2017/10/ramnath-kovinddiamond-jubilee-celebrations-of-Kerala-high-court-11.jpg)
കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നിവ ഭരണഘടനയുടെ മൂന്നു തൂണുകളാണ്. ഓരോ ഭരണഘടനസ്ഥാപനങ്ങള്‍ക്കുമുള്ള അധികാരങ്ങളും അവകാശങ്ങളും പ്രത്യേകമായി വിഭജിച്ചിട്ടുണ്ട്. ഇവ തമ്മിലുള്ള പരിശോധനയും സന്തുലനാവസ്ഥയുമാണ് ഭരണഘടന വിവക്ഷിക്കുന്നത്. എന്നാല്‍ ഒന്നിന്റെ അധികാരത്തിനു മേല്‍ മറ്റൊന്ന് അതിലംഘിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സന്തുലനാവസ്ഥയ്ക്ക് വിരുദ്ധമായി കണക്കാക്കേണ്ടി വരും. ഇത്തരം അധികാര കൈകടത്തലുകള്‍ ആശയക്കുഴപ്പമുണ്ടാക്കും. കേന്ദ്രത്തിനു കീഴില്‍ സംതൃപ്തമായ സംസ്ഥാനങ്ങള്‍ സഹകരിച്ച് മുന്നോട്ട് പോകുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസം വ്യവസ്ഥയാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. വിവിധ ജാതി, മത, ലിംഗ, ഭാഷ വിഭാഗങ്ങള്‍ രാജ്യത്തുണ്ട്. ഈ വൈവിധ്യങ്ങള്‍ അംഗീകരിച്ച് വേണം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങളുമായി ജുഡീഷ്യറി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് ഗവര്‍ണര്‍ റിട്ട: ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ലോക് അദാലത്ത് പോലുള്ള ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. അദാലത്തുകളില്‍ ജനപ്രാതിനിധ്യം വർധിപ്പിക്കാന്‍ ഇത് സഹായിക്കും. ഇതിനായി കാര്യക്ഷമമായ വാര്‍ത്ത പ്രചാരണ സംവിധാനം ഉണ്ടായിരിക്കണം എന്നും ഗവര്‍ണര്‍ പറഞ്ഞു.
കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാര്യക്ഷമമായി സംവിധാനം ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. നീതി ലഭിക്കാനുള്ള താമസം സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും എന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റല്‍ വിഭാഗം പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ രാഷ്ട്രപതി ചടങ്ങില്‍ പ്രകാശനം ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗവര്‍ണര്‍ പി.സദാശിവം അധ്യക്ഷനായിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നവനീത് പ്രസാദ് സിങ്, അഡ്വ ജനറല്‍ സുധാകര്‍ പ്രസാദ്, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് എബ്രഹാം, സുപ്രീംകോടതി ജഡ്ജിമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, അശോക് ഭൂഷണ്‍, മോഹന്‍ എം ശാന്തന ഗൗഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.