തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

വനിതകളുടെ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ തുക 100 രൂപ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ സാധ്യതയുള്ള പദ്ധതികളെ കുറിച്ച് ബജറ്റിൽ വിവരിച്ചേക്കും. സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ചേക്കും.

Read Also: ‘പ്രിയപ്പെട്ട പത്തനംതിട്ടയ്‌ക്ക് നന്ദി’യെന്ന് നൂഹ്; ‘പോകരുത് സാർ’ എന്ന് ജനങ്ങൾ, വൈകാരികം

കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചകളിൽ നിന്ന് ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇത്തവണ ബജറ്റ്. പിണറായി വിജയൻ സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിക്കുന്ന ആറാം ബജറ്റാണ് ഇത്തവണത്തേത്. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന 12-ാം ബജറ്റായിരിക്കും.

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം കെ.എം.മാണിക്കൊപ്പമാണ്. ധനമന്ത്രിയായി 13 തവണയാണ് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചത്. അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ഇടക്കാല ബജറ്റുണ്ടാകും. ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.