കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ വാക്ക് പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞിരുന്നത് കേരളത്തില്‍ പലതും ശരിയായി നടക്കുന്നില്ലെന്നായിരുന്നു. അതിനൊക്കെ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. ആ വാക്ക് പാലിക്കാന്‍ സാധിച്ചെന്ന് ആത്മവിശ്വാസത്തോടെ ഇപ്പോള്‍ പറയാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈന്‍ ആയിരുന്നു അന്ന് പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെല്ലാം കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ വികസനം നമുക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. യാത്രാക്കുരുക്കുകളില്‍ നിന്നും മോചനം വേണമെങ്കില്‍ റോഡിന് സൗകര്യം വര്‍ദ്ധിക്കണം. ഇക്കാര്യത്തില്‍ അങ്ങയേറ്റം മുന്‍ഗണന കൊടുത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതോടൊപ്പം തന്നെയാണ് കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത. 2020 ആകുമ്പോഴേക്ക് ജലപാത പൂര്‍ണതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്നും ശരണം വിളിയും കൂവലും ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കവെയായിരുന്നു സദസില്‍ നിന്നും ശരണം വിളി ഉയര്‍ന്നത്. തുടര്‍ന്ന് പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കിയതോടെ സദസ് ശാന്തമായി.

വെറുതെ ശബ്ദമുണ്ടാക്കരുതെന്നും ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് നല്ലത് കേട്ടോ. എന്തും കാണിക്കാമെന്ന വേദിയാണെന്ന് ആരും കരുതരുത്” പിണറായി പറഞ്ഞു.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 13.14 കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും അടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.