കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷായുടെ ട്വീറ്റ് തെറ്റിദ്ധാരണാജനകമാണെന്നും തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി.

‘ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താത്പ്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇത്’ പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ദുരുദ്ദേശപൂര്‍വ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്‌നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം. തീര്‍ത്ഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത് ഷായുടെ ട്വീറ്റ് തീര്‍ത്തും അപ്രസക്തവും അസംഗതവും ആകുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയം പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ചെറിയ പെണ്‍കുട്ടികളോടും അമ്മമാരോടും വയോധികരോടും മനുഷ്യത്വ രഹിതമായാണ് കേരള പോലീസ് പെരുമാറുന്നത്. ഭക്ഷണം, വെളളം, താമസ സൗകര്യം, വൃത്തിയായ ശൗചാലയങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്തതുമൂലം പന്നി കാഷ്ഠത്തിനും ചവറ്റു വീപ്പകള്‍ക്കും സമീപത്താണ് അയ്യപ്പ ഭക്തര്‍ രാത്രി മുഴുവന്‍ വിശ്രമിക്കുന്നതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണ്. റഷ്യയിലെ ഗുലാഗ് ക്യാമ്പിലെ തൊഴിലാളികളല്ല അയ്യപ്പഭക്തരെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം. ശിക്ഷിക്കുമെന്ന് ഭയപ്പെടുത്തി ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫിനെ അനുവദിക്കില്ലെന്നും ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.