പത്തനംതിട്ട: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി. ആന്ധ്രയില്‍ നിന്നും കുടിയേറിയെത്തിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി കരുതരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സുപ്രീംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ക്ഷേത്രം പൂട്ടിപ്പോകാന്‍ തന്ത്രിക്ക് അവകാശമില്ല. ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ അവകാശം. ആന്ധ്രയില്‍ നിന്ന് കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

‘പുന:പരിശോധന ഹരജി നല്‍കി ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുത്. സര്‍ക്കാര്‍ പുന:പരിശോധന ഹരജി നല്‍കുന്ന പ്രശ്‌നമില്ല. സുപ്രീംകോടതി വിധിയില്‍ അപകാതയുണ്ടെന്ന് തോന്നുന്നില്ല’ മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാല്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം വ്യക്തമാക്കാന്‍ ആവശ്യമായ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര വര്‍മ നേരത്തെ പറഞ്ഞിരുന്നു. നാളെ മാധ്യമങ്ങള്‍ക്കു മുന്‍പിലും രേഖകള്‍ കാണിക്കുമെന്നും ശശികുമാര വര്‍മ.

പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായാല്‍ ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നല്‍കിയതെന്നും ശശികുമാര വര്‍മ പറഞ്ഞതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും തെറ്റായ അവകാശം ആരും ഉന്നയിക്കേണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മളേനത്തില്‍ പറഞ്ഞിരുന്നു. ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ അവിടം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതിനുള്ള ഗൂഢമായ പദ്ധതി തന്നെ സംഘപരിവാര്‍ തയ്യാറാക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയുകയോ എതിര്‍ക്കുകയോ ചെയ്തട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയുരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.