/indian-express-malayalam/media/media_files/uploads/2018/10/pinarayi-shah.jpg)
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഈ തടി പോരെന്നും അത് ഗുജറാത്തില്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പാലക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'സര്‍ക്കാരിനെ വലിച്ചിടാന്‍ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തില്‍ മതി. ബിജെപിയ്ക്ക് ഈ മണ്ണില്‍ ഒരിയ്ക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവണ്‍മെന്റ്. ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?' മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ താന്‍ അല്‍പ്പന്മാര്‍ക്ക് മറുപടി പറയാറില്ലെന്നും എന്നാല്‍ ഇതിന് പിന്നില്‍ അണിനിരന്ന ചിലരുണ്ട്. അവര്‍കൂടി അറിയാനാണ് ഇത് പറയുന്നത്. നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ലെന്ന് ബിജെപി മനസിലാക്കണമെന്നും പിണറായി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോഴുള്ള അറസ്റ്റ് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണ്. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്നും ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. ശബരിമലയില്‍ നിന്ന് വിശ്വാസികളെയല്ല മറിച്ച് ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയുടെ പവിത്രത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. 1991ലെ ഹൈക്കോടതി വിധി അനുസരിച്ച് പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ സ്ത്രീ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇനി സ്ത്രീകളെ കയറ്റേണ്ടെന്ന് സുപ്രീം കോടതി വിധിച്ചാല്‍ ഇക്കാര്യം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.