തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി. സർക്കാർ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി നൽകിയത്. മേളയ്ക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിർദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. മേള മൂന്നു കോടി ചെലവിൽ നടത്താം എന്നായിരുന്നു അക്കാദമി നിർദേശം.

കഴിഞ്ഞ വർഷം ആറു കോടി രൂപയായിരുന്നു ചലച്ചിത്രമേളയുടെ ചെലവ്. ഇത്തവണ, മൂന്നു കോടി രൂപയ്ക്ക് ഫെസ്റ്റിവൽ നടത്താനുള്ള നിർദേശങ്ങളാണ് അക്കാദമി മുന്നോട്ട് വച്ചത്. ഒരു കോടി മാത്രം പദ്ധതി വിഹിതത്തിൽ നിന്നും എടുത്ത് ബാക്കി രണ്ട് കോടി ലഭിക്കുന്ന രീതിയിൽ ഡെലിഗേറ്റ് ഫീസ് ഉയർത്തുക, അവാർഡിനൊപ്പം പണം നൽകുന്നത് ഒഴിവാക്കുക, എന്നിങ്ങനെ ആർഭാടം കുറച്ച്, ഉള്ളടക്കത്തിൽ വ്യത്യാസമില്ലാതെ മേള നടത്താനുള്ള നിർദേശങ്ങളാണ് അക്കാദമി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.

രാജ്യാന്തര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) മുൻ വർഷത്തേതിന്റെ പകുതി ചെലവിൽ നടത്താൻ കഴിയുമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞിരുന്നു. ഇതിനായി ചലച്ചിത്ര അക്കാദമി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.

പ്രളയക്കെടുതിയുടെ പേരിൽ ചലച്ചിത്രോത്സവം മാറ്റിവച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഏറെപ്പേർ രംഗത്തുവന്നിരുന്നു. അടൂർ ഗോപാലകൃഷ്ണനും ഡോ.ബിജുവും കൊറിയൻ സംവിധായകൻ കിം കി ഡുക്കുമെല്ലാം ചലച്ചിത്രോത്സവം റദ്ദാക്കരുത് എന്ന അഭിപ്രായവുമായി മുന്നോട്ടുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.