കൊച്ചി: വർഗ്ഗീയ തീവ്രവാദികള്‍ക്കു കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്നും അത്തരക്കാര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാജാസ് കോളേജില്‍ കുത്തേറ്റുമരിച്ച എസ്‌എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വട്ടവടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ട്ടിയോട് അനുഭാവമുള്ളവരെ കൊലപ്പെടുത്തിയാല്‍ സിപിഎമ്മിനോടുള്ള ആഭിമുഖ്യം ഇല്ലാതാക്കാനാവുമെന്നാണ് ചിലര്‍ കരുതുന്നത് എന്നാല്‍ ഇതു വ്യാമോഹം മാത്രമാണെന്നും പാര്‍ട്ടി കരുത്തു തെളിയിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. വേദന കടിച്ചമര്‍ത്തിയും മതതീവ്രവാദികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കു ശക്തി പകരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അഭിമന്യുവിന്റെ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

വട്ടവടയ്ക്കടുത്തുള്ള കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കുടുംബത്തിനു കൈമാറിയത്. വട്ടവടയിലെ അഭിമന്യുവിന്റെ നിലവിലുള്ള വീടിന് ഏതാനും അകലെയാണ് പുതിയ വീട് നിര്‍മിച്ചിട്ടുള്ളത്. പാര്‍ട്ടി നേരിട്ടുവാങ്ങിയ പത്തര സെന്റ് ഭൂമിയില്‍ 1226 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് പാര്‍ട്ടി മുടക്കിയത്. ഫര്‍ണിര്‍ ഉള്‍പ്പടെയുള്ള എല്ലാ സാധനങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തന്നെ എത്തിച്ചിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 72 ലക്ഷത്തോളം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി പിരിച്ചെടുത്തത്.

സഹോദരി കൗസല്യയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിരനിക്ഷേപമായി 23,75,307 രൂപയും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ അഭിമന്യു സ്മാരക വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് ലൈബ്രറിയാണ് വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ സമാഹരിച്ച പുസ്തകങ്ങളും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമാഹരിച്ച തമിഴ് പുസ്തകങ്ങളും ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം പുസ്തകങ്ങളാണ് അഭിമന്യു സ്മാരക പഞ്ചായത്ത് ലൈബ്രറിയിലുള്ളത്.

അഭിമന്യു സ്മാരക വായനശാല

ലൈബ്രറിയുടെ നേതൃത്വത്തില്‍ പിഎസ്‌സി കോച്ചിങ് ഉള്‍പ്പടെയുള്ളവ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ലൈബ്രറി തയാറാക്കിയിട്ടുള്ളതെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു. 2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യു മഹാരാജാസ് കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ചത്. തുടര്‍ന്നു കുടുംബത്തെ സിപിഎം ദത്തെടുക്കുകയായിരുന്നു. വൈദ്യുതി മന്ത്രി എം.എം.മണി, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ