കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിക്കാരനെയും അഭിഭാഷകനെയുമാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പ്രശസ്തിക്കും വ്യക്തി വൈരാഗ്യം നടപ്പാക്കാനും കോടതിയെ കരുവാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. പൊതു ആവശ്യത്തിനല്ലാതെ വിദേശ യാത്ര നടത്തിയ മുഖ്യമന്ത്രി ഖജനാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അഭിഭാഷകനെതിരെ തിരിഞ്ഞത്.
Read More: ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു: പിണറായി വിജയന്‍
കേസിന് ആസ്പദമായ രേഖകള്‍ സമാഹരിച്ചത് ഹര്‍ജിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കോടതി കണ്ടെത്തി. അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് അമിത താല്‍പര്യമെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ മറുപടി സത്യവാങ്മൂലമായി നല്‍കാന്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇക്കാര്യത്തിൽ അഭിഭാഷകനായ എംപി ഹരിപ്രസാദിനോട് രേഖാമൂലം മറുപടി നല്‍കാന്‍ ജസ്റ്റിസ് പി.ഉബൈദ് നിർദേശിച്ചു.
കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ഉബൈദ് പരിഗണിച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് വിദേശയാത്രകൾ എന്നും സ്വകാര്യ പരിപാടികളിൽ പങ്കെടുത്തതിനും കേന്ദ്രാനുമതി ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. വഴിച്ചെലവിന് ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നെന്നും ഇത് ചിലവാക്കിയില്ലെന്നും യാത്ര കഴിഞ്ഞതിന് പിന്നാലെ തിരിച്ചടയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Read More: ശൈലിയൊന്നും മാറ്റില്ല, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണ്: പിണറായി വിജയന്‍
വിദേശയാത്ര സർക്കാരുകളുടെ അനുമതിയോടെ ആണങ്കിൽ പുറത്ത് നിന്നുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടാൻ ഹർജിക്കാരനോട് നിർദേശിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ജൂൺ 27 ന് വീണ്ടും പരിഗണിക്കും.