തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അൽപം ധൈര്യം വയ്ക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം, അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകുമെന്നും ചെന്നിത്തല പരിഹസിച്ചു.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Read More: നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധി ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി, ഡൽഹിയിൽ വൻ പ്രതിഷേധം