തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകൾ കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read More: ആലുവ താലൂക്ക് സപ്ലൈ ഓഫീസിൽ വയോധികൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണമെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു. എന്നാൽ ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ ചിലർ തയ്യാറായിട്ടില്ല. ഭരണവും ഭരണ നിർവ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്- പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നൽകണം. ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ഈ നയം സർക്കാർ ജീവനക്കാർക്കു മുന്നിൽ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

എന്നാൽ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ആലുവയിൽ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങൾ ഉയർന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസിൽ തീർപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകൾ കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയണം. ഭരണവും ഭരണ നിർവ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓർമ്മിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook