തിരുവനനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലെ കെഎസ്യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിട്ട് നടന്നിട്ടില്ലെന്നും ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്നവര്‍ക്ക് തന്നെ എന്തിന് സമരം നടത്തുന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. യൂണിവേഴ്സിറ്റി കോളജ് അടപ്പിക്കാനുള്ള ശ്രമം നടക്കില്ല. തെറ്റിനെ തെറ്റായി കാണും. പരാതികളില്‍ ശക്തമായ അന്വേഷണം നടക്കുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
‘പിണറായിയോട് ചോദിക്കാം’ എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമല വിഷയം സംബന്ധിച്ച ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്കി.
ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്ന് പിണറായി വിജയന് പറഞ്ഞു. രേഖാമൂലം തന്നെ സൈന്യത്തെ നല്കാന് തയാറാണെന്നും ആവശ്യമായ നിരോധനാജ്ഞ അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കണം എന്നെല്ലാം കേന്ദ്രം സംസ്ഥാനത്തെ ഉപദേശിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സര്‍ക്കാരിന് അത് കേന്ദ്രമായാലും സംസ്ഥാനമായാലും സുപ്രീം കോടതി വിധി അനുസരിച്ചേ മതിയാകൂ. അതുകൊണ്ടാണ് ശബരിമല വിധി നടപ്പാക്കാന്‍ തയാറാണ് എന്ന് പറഞ്ഞത്. നാളെ സുപ്രീം കോടതി മറ്റൊരു വിധി പറഞ്ഞാല്‍ അതും നടപ്പാക്കുമെന്നും പിണറായി വിജയന് വ്യക്തമാക്കി. കോടതി വിധി എന്തായാലും നടപ്പാക്കും എന്നതായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം. അവസാനം വിധി വന്ന ശേഷം ആ നിലപാടില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അതുകൊണ്ട് കോടതി വിധി നടപ്പാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.