തിരുവനന്തപുരം: അഖിലേന്ത്യ കിസാന്‍ സഭയുടെ പ്രതിഷേധ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയാകെ പടരാനുള്ള അഗ്നികണമാണെന്നായിരുന്നു പിണറായി വിജയന്‍ ലോംഗ് മാര്‍ച്ചിനെ വിശേഷിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുന്നേറുകയാണ്. ഇന്ത്യയാകെ പടരാനുള്ള അഗ്‌നികണമാണിത്. കര്‍ഷക സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.’ മുഖ്യമന്ത്രി പറയുന്നു.

മഹാരാഷ്ട്ര നിയമസഭ ലക്ഷ്യമാക്കി നീങ്ങുന്ന അഖിലേന്ത്യ കിസാന്‍ സഭ പ്രതിഷേധ മാര്‍ച്ചിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകിവരുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പോഷക സംഘടനായ കിസാന്‍ സഭ 12 ഇന ആവശ്യങ്ങളുമായി സമരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ മാര്‍ച്ചിന് പിന്നാലെ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് കിസാന്‍ സഭയുടെ ആവശ്യം.

35000ത്തിലേറെ കര്‍ഷകര്‍ ആറ് ദിവസമായി കാല്‍നടയായി നടത്തിവരുന്ന മാര്‍ച്ച് മുംബൈ നഗരത്തിലേക്ക് പ്രവേശിച്ചു. ഈ സാഹചര്യത്തില്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ആംആദ്മി പാര്‍ട്ടിയും കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

ഇന്ന് രാത്രി മുംബൈ നഗരത്തിനകത്തേക്ക് പ്രവേശിക്കുന്ന മാര്‍ച്ച് നാളെ മഹാരാഷ്ട്ര നിയമസഭയെ ഉപരോധിക്കും. അതേസമയം പ്രശ്‌നപരിഹാരത്തിന് വാഗ്ദാനങ്ങളുമായി വീണ്ടും മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രംഗത്ത് വന്നു. എന്നാല്‍ വാഗ്ദാനമല്ല തീരുമാനങ്ങളാണ് ആവശ്യമെന്ന് കിസാന്‍ സഭ നിലപാടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ