തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ ഏതെങ്കിലും തരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒരു നടപടിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ നിന്നുണ്ടാവുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമം ദുരുദ്ദേശങ്ങള്‍ക്കായി ദുരുപയോഗിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ വിവരാവകാശ കമ്മിഷനു തിരിച്ചറിയാന്‍ കഴിയണമെന്നു പറയുകയാണ് ചെയ്തത്. അതായത് കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓര്‍മിപ്പിക്കുകയാണ് തന്റെ പ്രസംഗത്തിലൂടെ ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷനുള്ള പരമാധികാരത്തെക്കുറിച്ച് പറയുന്നത് കമ്മിഷന്റെ അധികാരം കുറയ്ക്കലാണോ? ഇതൊക്കെ സൗകര്യപൂര്‍വം കണ്ണടച്ചിരുട്ടാക്കിക്കൊണ്ടാണ് വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ചിലര്‍ ആരോപിക്കുന്നത്. നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ആരോ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടത് നിര്‍ഭാഗ്യകരം മാത്രമല്ല സത്യവിരുദ്ധം കൂടിയാണ്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുന്‍ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരും എന്നുവരുത്തി തീര്‍ത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്‍പര്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങൾ മുഴുവൻ ജനമറിയേണ്ട ആവശ്യമില്ലെന്ന പിണറായി വിജയന്റെ പ്രസതാവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കാനം പറഞ്ഞിരുന്നു.