തിരുവനന്തപുരം: നടക്കില്ലെന്നു പറഞ്ഞ പല വികസന പദ്ധതികളും യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർഥ അവകാശികൾ. തടസങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റ് പറ്റി. പഴയ സർക്കാരല്ല ഇതെന്ന് അവർക്ക് ബോധ്യമായി. ചെയ്യാൻ പറ്റുന്നതേ പറയൂവെന്നും പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന് കൃത്യമായി ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ നയം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്ന എൻ.പ്രശാന്ത് ഐഎഎസിനെതിരായ പരാതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: പിഎസ്‌സിക്കാരുടെ സമരത്തിനു പരിഹാരം കാണാൻ മുഖ്യമന്ത്രി; ചർച്ചയ്‌ക്കായി മന്ത്രി ബാലനെ നിയോഗിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി വിമർശിച്ചു. രാഹുല്‍ ഗാന്ധി കേരളത്തിലെത്തി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ല. ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ബിജെപിയെ നേരിടാന്‍ മടി കാണിക്കുന്ന രാഹുലിന് എല്‍ഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12നു പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 19. സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22നാണ്. വോട്ടെണ്ണൽ മേയ് രണ്ടിന്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.