തിരുവനന്തപുരം: താന്‍ പറയാത്ത കാര്യമാണ് മാധ്യമങ്ങള്‍ വലിയ തലക്കെട്ടായി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേന ആര്‍എസ്എസിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തെറ്റായ രീതിയിലുള്ള വ്യാഖ്യാനമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചു എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, മുഖ്യമന്ത്രി ഇത് നിഷേധിച്ചു.

“പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ അവരോട് പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. എന്നാല്‍, അതിനുശേഷം ചില മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി വന്നത് പൊലീസില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലാണ്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഒറ്റിക്കൊടുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, ഇത് ശുദ്ധ കളവാണ്. അതില്‍ പരം ഒരു കളവില്ല പറയാന്‍. അങ്ങനെ ആരെങ്കിലും സംസ്ഥാനത്തെ പൊലീസിനെ കുറിച്ച് പറയുമോ?. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സാധാരണയായി അവരുടെ നേട്ടങ്ങളും മറ്റും പറയുന്നതുപോലെ അവരുടെ വീഴ്ചകളും ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് ബാധ്യതയല്ലേ.” – മുഖ്യമന്ത്രി ചോദിച്ചു.

Read Also: വടിയെടുത്ത് പിണറായി; പൊലീസില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്ന് വിമര്‍ശനം

തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും വാര്‍ത്തകളുടെ പിന്നാലെ മാത്രം പോയി ഒരു നിഗമനത്തില്‍ എത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പി.എസ്.സിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും പി.എസ്.സി തള്ളി. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യണ്ടതില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു എന്ന നിലയിലാണ് ചൊവ്വാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നത്. ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശിച്ചു എന്നായിരുന്നു മുഖ്യധാരാ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറി. ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി പറഞ്ഞതായാണ് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഡിവൈഎസ്‌പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പൊലീസില്‍ ആര്‍എസ്എസ് ഏജന്റുമാരുണ്ടെന്നും പിണറായി വിമർശിച്ചു എന്നും വാർത്തയിലുണ്ട്.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമർശിച്ചു. പ്രതികളെ മര്‍ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് പിണറായി പറഞ്ഞു. കസ്റ്റഡി മര്‍ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. മൂന്നാം മുറ പോലുള്ള സംഭവങ്ങൾ ഒരിക്കലും ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.