സര്‍ക്കാരിന് ലഭിക്കുന്ന ജനപിന്തുണയില്‍ പ്രതിപക്ഷത്തിന് വെപ്രാളമെന്ന് മുഖ്യമന്ത്രി

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫിന്റെ അഞ്ചുവര്‍ഷം മന്ത്രിസഭയും സര്‍ക്കാരും എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ജനങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രി

India-Israel, ഇന്ത്യ -ഇസ്രയേൽ സൗഹൃദം, പിണറായി വിജയൻ, Pinarayi Vijayan, കേരള മുഖ്യമന്ത്രി, Kerala Chief Minister

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികള്‍ വലിയ ജനപിന്തുണ നേടുന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ കൊണ്ടുവന്ന ബാലിശവും യുക്തിരഹിതവുമായ കുറ്റപത്രത്തില്‍ തെളിയുന്നതെന്ന് സര്‍ക്കാര്‍. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കേരളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്നും എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച അക്കമിട്ട് വിവരിച്ചിരുന്നതായും സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

“അവയില്‍ ഒന്നുപോലും നിഷേധിക്കാനോ ഒന്നിനു പോലും മറുപടി പറയാനോ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ജീര്‍ണ സംസ്‌കാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ‘കുറ്റപത്രം’ തെളിയിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പ്:

ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികള്‍ വലിയ ജനപിന്തുണ നേടുന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ കൊണ്ടുവന്ന ബാലിശവും യുക്തിരഹിതവുമായ കുറ്റപത്രത്തില്‍ തെളിയുന്നത്. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കേരളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്നും എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച അക്കമിട്ട് വിവരിച്ചിരുന്നു. അവയില്‍ ഒന്നുപോലും നിഷേധിക്കാനോ ഒന്നിനു പോലും മറുപടി പറയാനോ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അഴിമതിയുടെ ജീര്‍ണ സംസ്‌കാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ‘കുറ്റപത്രം’ തെളിയിക്കുന്നത്.

പശ്ചാത്തലവികസന രംഗത്ത് സര്‍ക്കാരിന്റെ ഇഛാശക്തിയോടെയുള്ള ഇടപെടലിന്റെ ഫലം മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

1. ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്ന നടപടി വേഗത്തില്‍ മുന്നോട്ടുപോകുന്നു. കേരളത്തില്‍ ഒരിക്കലും ഇത് നടക്കില്ലെന്നായിരുന്നു പൊതുവെ കരുതിയത്.
2. ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പുനരുജ്ജീവിപ്പിച്ചു. അടുത്ത വര്‍ഷം ഈ പദ്ധതി പൂര്‍ത്തിയാകും.
3. കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ പ്രവൃത്തി പുനരാരംഭിക്കുകയും നല്ല പുരോഗതി കൈവരിക്കുകയും ചെയ്തു.
4. കേരളത്തിന്റെ റെയില്‍വികസനത്തിന് കേന്ദ്രവുമായി യോജിച്ച് പ്രത്യേക കമ്പനിയുണ്ടാക്കി.
5. 6500 കോടി രൂപയുടെ തീരദേശ ഹൈവേ മുന്നോട്ടുപോകുന്നു.
6. 3500 കോടി രൂപയുടെ മലയോര ഹൈവേക്ക് നടപടി തുടങ്ങി.

മുഖ്യമന്ത്രി പറഞ്ഞ ഈ നേട്ടങ്ങളെല്ലാം ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ടാണ് നിഷേധിക്കാന്‍ കഴിയാത്തത്.

ഈ സര്‍ക്കാര്‍ വന്നശേഷം ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വീടുകളില്‍ എത്തിച്ചുവെന്ന് മാത്രമല്ല, പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഈ രീതിയില്‍ സമൂഹത്തിനാകെ പ്രയോജനവും ആശ്വാസവും നല്‍കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ ചെത്തുകൊണ്ടിരിക്കുന്നത്.

സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ കേരളം രാജ്യത്തിന് മറ്റെരു മാതൃക സൃഷ്ടിക്കുകയാണ്. കടുത്ത വരള്‍ച്ചയിലും കേരളത്തില്‍ പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഇല്ല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ തുറക്കുംമുമ്പ് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. ഭൂരഹിതര്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ പണിയെടുക്കുന്ന കയര്‍, കൈത്തറി, കശുഅണ്ടി മേഖലയുടെ സംരക്ഷണത്തിനും നവീകരണത്തിനും പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങി. കൈത്തറിയുടെ ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം നല്‍കുന്നത്.

പ്രൊഫഷണല്‍ കോഴ്‌സിന് ചേരാന്‍ വായ്പയെുടത്ത് കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാന്‍ 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ആദിവാസികള്‍ കഴിഞ്ഞാല്‍ സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ സമാനതകളില്ലാത്ത നടപടികളാണ് എടുക്കുന്നത്. നാലു മിഷനുകളിലൂടെ കേരളത്തിന്റെ വികസന വെല്ലുവിളി നേരിടാനുളള പരിശ്രമം തുടങ്ങികഴിഞ്ഞു. ആധുനിക വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുകയും പുതിയ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യാന്‍ സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്.

സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ-വികസന പദ്ധതികളില്‍ ചിലതു മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളു. അന്ധമായ രാഷ്ട്രീയ വിരോധം കാരണം ഇതൊന്നും പ്രതിപക്ഷ നേതാവിന് കാണാന്‍ കഴിയുന്നില്ല. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുമ്പോള്‍ കേരളത്തെ അര നൂറ്റാണ്ട് പിറകോട്ട് കൊണ്ടുപോയ യുഡഎഫിനെ തന്നെയാണ് ജനങ്ങള്‍ കുറ്റവാളിയായി കാണുക. സര്‍ക്കാര്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ തീരുമാനിച്ചതുമായ മുഴുവന്‍ കാര്യങ്ങളും മറച്ചുവെച്ച് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ പരിഹാസ്യമാണ്.

ചെന്നിത്തലയുടെ ആരോപണങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ അദ്ദേഹം ഒന്നാമതായി ഉന്നയിച്ച കാര്യം പരിശോധിച്ചാല്‍ മതി. ദശാബ്ദങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ ഈ ഗവണ്‍മെണ്ട് മുടക്കി എന്നാണ് ആരോപണം. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രൊ. കെ വി തോമസ് ഭക്ഷ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഫലമായിട്ടാണ് കേരളത്തിന് അര്‍ഹമായ അരി വിഹിതം കിട്ടാത്തത്. ഈ നിയമം നടപ്പായപ്പോള്‍ കേരളത്തിന് രണ്ടുലക്ഷം ടണ്‍ അരിയുടെ കുറവ് വന്നു. കേന്ദ്രത്തില്‍ നിന്ന് അധിക വിഹിതം നേടി റേഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്.

രണ്ടാമതായി പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യം റേഷന്‍ കാര്‍ഡ് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നാണ്. യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷവും റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. അവരുടെ കാലത്ത് തയാറാക്കിയ റേഷന്‍ കാര്‍ഡില്‍ ശരിയേക്കാള്‍ തെറ്റുകളായിരുന്നു കൂടുതല്‍. റേഷന്‍ കാര്‍ഡ് മൊത്തം അവതാളത്തിലാക്കിയവര്‍ ഇപ്പോള്‍ ഈ ഗവണ്‍മെണ്ടിനെതിരെ വിരല്‍ ചൂണ്ടുന്നത് അത്ഭുതകരമാണ്. തെറ്റുകള്‍ തിരുത്തി റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട് എന്നതുപോലും പ്രതിപക്ഷ നേതാവ് മനസ്സിലാക്കിയിട്ടില്ല.

മൂന്നാമത് അദ്ദേഹം ഉന്നയിച്ചത് അരി വില കൂടിയപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ്. ഇതും മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുന്നതിന് തുല്യമാണ്. പൊതുവിതരണ സംവിധാനം തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കുകയാണ് യുഡിഎഫ് ചെയ്തത്. എന്നാല്‍ അതിനെ അഴിമതി മുക്തമാക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഏജന്‍സിയായി സര്‍ക്കാര്‍ മാറ്റി. ബംഗാളില്‍ നിന്ന് അരി കൊണ്ടുവന്നാണ് ഇവിടെ വില നിയന്ത്രിച്ചത്. വിലക്കയറ്റം തടയാന്‍ സപ്ലൈകോ 440 കോടി രൂപ സബ്‌സിഡിയായി വിനിയോഗിച്ചു. അഞ്ചുവര്‍ഷത്തേക്ക് 13 ഇനം സാധനങ്ങളുടെ വില കൂട്ടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അഴിമതിയെക്കുറിച്ച് ഒന്നും പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല എന്നത് സഹതാപമര്‍ഹിക്കുന്നു. മുന്‍മന്ത്രിയുടെ സഹോദരന്‍ ദേവസ്വം ബോര്‍ഡില്‍ ഗുരുതരമായ അഴിമതി കാണിച്ചപ്പോള്‍ മാറ്റിനിര്‍ത്താന്‍ സ്വന്തം പാര്‍ട്ടിക്കാരനായ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തിലെങ്കിലും അഴിമതിയെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയേണ്ടതായിരുന്നു.

ബാലിശവും വാസ്തവവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. അതൊന്നും മറുപടി അര്‍ഹിക്കുന്നില്ല. യുഎപിഎയുടെ കാര്യത്തിലും അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 2012 മുതല്‍ 162 യുഎപിഎ കേസുകളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തത്. അതില്‍ 136 കേസുകള്‍ യുഡിഎഫ് കാലത്താണ് എടുത്തത്. എല്‍ഡിഎഫ് എടുത്തത് 26 മാത്രം. ഇതില്‍ കുറ്റപത്രം നല്‍കാത്ത 42 കേസുകള്‍ പുന:പരിശോധിക്കാനും കോടതിയുടെ അനുമതിയോടെ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുന:പരിശോധിക്കുന്ന 42 കേസുകളില്‍ 25 കേസുകളും എല്‍ഡിഎഫ് കാലത്തേതാണ്. ഈ വസ്തുത മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം നടന്ന എല്ലാ കേസുകളിലും സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ചില കേസുകളില്‍ പൊലീസിന്റെ ഭാഗത്ത് പോരായ്മയുണ്ടായപ്പോള്‍ അത് തിരുത്താനും അച്ചടക്ക നടപടിയെടുക്കേണ്ട കേസുകളില്‍ അത് ചെയ്യാനുമാണ് സര്‍ക്കാര്‍ തയാറായത്. കേരളത്തിലെ സ്ത്രീസമൂഹം അത് അംഗീകരിക്കുന്നുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് എടുത്ത സത്വരവും ശക്തവുമായ നടപടികളില്‍ സിനിമാലോകം പൊതുവിലും വനിതാ സിനിമാ പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും മതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം.

പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ എത്ര ദുര്‍ബലമാണ് എന്നതിന് മറ്റൊരു തെളിവ് കൂടി ചൂണ്ടിക്കാണിക്കാം. അറുപതു വര്‍ഷം മുമ്പ് 1957-ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചെലവും ഈ സര്‍ക്കാരിന്റെ ചെലവുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. അതൊന്നും മറുപടി അര്‍ഹിക്കുന്നില്ല.

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ് മറ്റൊരു ആക്ഷേപം. നല്ല കൂട്ടുത്തരവാദിത്തത്തോടെയും ഐക്യത്തോടെയും പരസ്പര വിശ്വാസത്തോടെയുമാണ് സര്‍ക്കാര്‍ നീങ്ങുന്നത്. യുഡിഎഫിന് ഇങ്ങനെയൊരു ഭരണം ചിന്തിക്കാനാവില്ല. 2011 മുതല്‍ 2016 വരെയുള്ള യുഡിഎഫിന്റെ അഞ്ചുവര്‍ഷം മന്ത്രിസഭയും സര്‍ക്കാരും എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ജനങ്ങള്‍ക്കറിയാം. അത് ഓര്‍മ്മിപ്പിക്കേണ്ടതില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan criticizes chennithala

Next Story
വിവാദ സ്വാമി ഗംഗേശാനന്ദയെ റിമാൻഡ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express