ന്യൂഡൽഹി: രാജ്യത്തെ കന്നുകാലി കശാപ്പ് കേന്ദ്രങ്ങള്‍ക്ക് കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്ന തീരുമാനമല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘എന്ത് ഭക്ഷണം കഴിക്കേണമെന്ന് സര്‍ക്കാര്‍ പറയുന്നത് ശരിയല്ല. എങ്ങോട്ടാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് ചിന്തിക്കണം. കേന്ദ്ര തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളും വിവിധസംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, ഇത് പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്. ഇത്തരം അപരിഷ്കൃതമായ നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവരണം. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ നാളെ മത്സ്യം കഴിക്കുന്നതിനും നിരോധനം വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ തുകല്‍വ്യവസായത്തിന് അസംസ്കൃതവസ്തുക്കള്‍ കിട്ടാതെയാകും. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ തുകല്‍വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ, ഈ നിരോധനം പാവപ്പെട്ട ജനവിഭാഗങ്ങളെയാകും ബാധിക്കുകയെന്നും മുഖ്യമന്ത്രി പിണറായ കൂട്ടിച്ചേര്‍ത്തു.

“കന്നുകാലികളെ കൊണ്ടുപോകന്നവര്‍ക്കെതിരെ സംഘപരിവാറുകള്‍ അടുത്ത കാലത്ത് വലിയതോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍ നിന്നും ഭരണത്തിന്റെ നിയന്ത്രണം ആര്‍ക്കാണെന്നത് ഒന്നുകൂടി വ്യക്തമാവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ