കോഴിക്കോട്: കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പുകൾ മാത്രം കണക്കിലെടുത്ത് കാര്യങ്ങൾ ചെയ്യാനാകില്ല. എതിർപ്പുകാരുടെ എതിർപ്പുകൾ അവസാനിപ്പിച്ച് കാര്യങ്ങൾ നടത്താനാവില്ല. എതിർക്കാനായി മാത്രം കുപ്പായം തയ്‌പ്പിച്ചിരിക്കുന്ന കുറേ ആളുകളുണ്ട്. അവർ അവരുടെ വഴിക്ക് നീങ്ങട്ടെ, നമുക്ക് നമ്മുടെ വഴിക്ക് നീങ്ങാം. നാടിന്റെ അഭിവൃദ്ധിക്ക് വികസനം ആവശ്യമാണ്. ഇതിന് ഉതകുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം, കണ്ണൂര്‍ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഗഡ്കരിയെ കാണാന്‍ പിണറായി വിജയന്‍ സമയം ചോദിച്ചിട്ടുണ്ട്.

അതിനിടെ, കണ്ണൂർ കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിൽനിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ സമര രീതി മാറ്റാനൊരുങ്ങുകയാണ് വയൽക്കിളികൾ. എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി മേൽപ്പാലം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് വയൽക്കിളികൾക്കുളളത്.

സമരം സംസ്ഥാന വ്യാപകമാക്കാനും വയൽക്കിളികൾ ഒരുങ്ങുന്നുണ്ട്. സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വയലിൽ പന്തൽ കെട്ടി സമരം ചെയ്യുന്നതിന് പകരം പൊതുജനങ്ങളിലേക്ക് സമരം എത്തിക്കാനാണ് തീരുമാനം. സമരത്തിന് കൂടുതൽ ജനശ്രദ്ധ കിട്ടാനായി മഹാരാഷ്ട്ര മാതൃകയിൽ ലോങ് മാർച്ച് നടത്തുന്ന കാര്യവും വയൽക്കിളികൾ ആലോചിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ