തിരുവനനന്തപുരം: ദേശീയപാതാ വികസനത്തിൽ കേരളത്തെ കേന്ദ്ര സർക്കാർ തഴയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനവുമായി ചർച്ച നടത്താതെയാണ് പദ്ധതി നിർത്തി വയ്ക്കാനുളള കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തു വന്നത്. രണ്ട് വർഷക്കാലം സംസ്ഥാനത്ത് ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിൽ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. അതിവേഗത്തിലാണ് സ്ഥലം ഏറ്റെടുപ്പ് സംസ്ഥാനം പൂർത്തിയാക്കിയത്. ഇപ്പോൾ സ്ഥലം ഏറ്റെടുപ്പ് നീട്ടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. സ്ഥലം ഏറ്റെടുപ്പ് നിർത്തി വയ്ക്കണമെന്നതിന് കേന്ദ്രം ഒരു കാരണവും പറയുന്നില്ല. സ്ഥലം ഏറ്റെടുപ്പ് വൈകുന്നതോടെ ഭൂമി വില വീണ്ടും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതാ വികസനമെന്ന കേരളത്തിന്റെ ചിരകാല സ്വപ്നത്തിന്റെ ചിറകരിയുന്നതാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. നിക്ഷിപ്ത താൽപര്യക്കാർക്കൊപ്പമാണ് കേന്ദ്ര സർക്കാർ. ദേശീയപാതാ വികസനത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെട്ടത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന് അവഗണനയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹതപ്പെട്ട വിഹിതം കേരളത്തിന് കിട്ടുന്നില്ല. റെയിവേ സോണും എയിംസും തന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്രം സഹായിച്ചില്ല. വിദേശത്ത് നിന്ന് വാഗ്‌ദാനം ചെയ്ത സഹായം പോലും നിഷേധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളളയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ശ്രീധരൻ പിളളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണ്. രഹസ്യമായി കത്തയച്ച് സംസ്ഥാനത്തിന്റെ വികസനം തകർക്കുന്നു. ദേശീയപാതാ വികസനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്കരിക്ക് ശ്രീധരൻ പിളള അയച്ച കത്ത് പുറത്തുവന്നു. കത്തയച്ച ശേഷം പ്രളയത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പരാതിയുണ്ടെങ്കിൽ അത് സംസ്ഥാനത്തെ അറിയിക്കാതെ രഹസ്യമായി കത്തയച്ച് വികസനം തകർക്കുന്നു. കേരളത്തിന്റെ വികസനം തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read: ശ്രീധരൻ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്ന് തോമസ് ഐസക്ക്

കേരളത്തെ തകർക്കുന്ന സംഘടനയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വികസനത്തിന് ഒരു സംഭാവനയും ചെയ്യാത്ത സംഘടനയാണ് സംഘപരിവാർ. രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫും സംഘപരിവാറിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അൽഫോൺസ് കണ്ണന്താനം കത്തയച്ചു. കേരളത്തെ ഒന്നാം പട്ടികയിൽനിന്ന് ഒഴിവാക്കിയത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവയ്ക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നിർദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയതിന് ശേഷമാണ് സംസ്ഥാന സർക്കാരിന് കേന്ദ്രം ഈ നിർദേശം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.