തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുയർന്നുവന്ന ആരോപണങ്ങളിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി. എൻഐഎ അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരിനു ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്താനില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ശിവശങ്കറിനെ കൊച്ചി എൻഐഎ ഓഫീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നതിൽ എന്തെങ്കിലും ആശങ്കയുണ്ടോ എന്ന ചോദ്യത്തിനു അങ്ങനെയൊരു ആശങ്കയും സർക്കാരിനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

“എൻഐഎ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുകയാണ്. നമുക്ക് കാത്തിരിക്കാം. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നിഗമനങ്ങളെടുക്കട്ടെ. ഒരാളെ എത്ര തവണ ചോദ്യം ചെയ്യണം, എത്ര സമയം ചോദ്യം ചെയ്യണം എന്നതെല്ലാം അന്വേഷണസംഘത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ല കാര്യങ്ങൾ പറയുന്നത്,” പിണറായി പറഞ്ഞു.

Read Also: ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ മടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ഒരു മാധ്യമപ്രവർത്തക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് കെപിസിസി അധ്യക്ഷൻ ആരോപിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. എന്നാൽ, ഈ ചോദ്യത്തോട് മുഖ്യമന്ത്രി മൗനം പാലിച്ചു. ചോദ്യത്തിനു ശേഷം ഏതാനും സെക്കൻഡുകൾ പിണറായി ഒന്നും പ്രതികരിച്ചില്ല. പിന്നീട് ‘ചോദ്യം കേട്ടില്ലേ’ എന്നു മാധ്യമപ്രവർത്തക ആവർത്തിക്കുകയായിരുന്നു. ചോദ്യം കേട്ടെന്നും മറുപടി അർഹിക്കാത്തതുകൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും പിണറായി തിരിച്ചടിച്ചു.

വാർത്താസമ്മേളനത്തിന്റെ അവസാന പത്ത് മിനിറ്റിലാണ് രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്

സംസ്ഥാനത്ത് കൺസൾട്ടൻസി രാജ് ആണെന്ന ആരോപണങ്ങൾക്കും പിണറായി മറുപടി നൽകി. “എല്ലാക്കാലത്തും കൺസൾട്ടസികൾ ഉണ്ടാകാറുണ്ട്. അതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അത്രയും കൺസൾട്ടൻസികൾ ഇപ്പോൾ ഇല്ല എന്നതാണ് വാസ്‌തവം” മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്ക് മറ്റു പല വിഷയങ്ങളിലുമാണ് ഇപ്പോൾ താൽപര്യമെന്ന വിമർശനവും അദ്ദേഹം നടത്തി.

അതേസമയം, സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ഇന്നു രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതു രണ്ടാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നും നോട്ടീസ് നൽകിയിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷയുമായി ഫിറോസ് കുന്നുംപറമ്പിൽ ഹെെക്കോടതിയിൽ

രാവിലെ നാലരയോടെ അദ്ദേഹം പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച ശിവശങ്കർ രാവിലെ 9.30ഓടെയാണ് കൊച്ചിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് കഴിഞ്ഞ മൂന്ന് തവണയും ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.