/indian-express-malayalam/media/media_files/uploads/2017/04/pinarayi-vijayan09.jpg)
കൊച്ചി: അമിത് ഷായ്ക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും. ഏതെങ്കിലും ഒരു കൂട്ടര്‍ ഉരുട്ടിപ്പെരട്ടി കൊണ്ടു വച്ചതല്ല ഈ സര്‍ക്കാരെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അമിത് ഷായുടെ തന്ത്രങ്ങള്‍ പലയിടത്തും ജയിച്ചിട്ടുണ്ടാകാം പക്ഷെ കേരളം അങ്ങനയൊരു മണ്ണല്ലെന്നും അത് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറേ അകലെയുള്ള സിദ്ധാന്തങ്ങളുമായി വന്ന് ഈ മണ്ണില്‍ പ്രയോഗിക്കാമെന്നു വച്ചാല്‍ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഇവിടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ടാണ് എസ്.എന്‍.ഡി.പിയേയും ചേര്‍ത്ത് ഞങ്ങള്‍ സമരത്തിനിറങ്ങുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങളെക്കണ്ട് അതിനിറങ്ങേണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞതെന്ന് ചൂണ്ടിക്കാണിച്ചു.
''ഏതെങ്കിലും ഒരു കൂട്ടര്‍ ഉരുട്ടിപ്പെരട്ടി കൊണ്ടുവച്ചതല്ല ഈ സര്‍ക്കാരെന്ന് അമിത് ഷാ മനസ്സിലാക്കണം. ഈ കാണുന്ന ജനസഞ്ചയം തിരഞ്ഞെടുത്തതാണ്. നിങ്ങള്‍ക്കൊരു സീറ്റ് ഇപ്പോള്‍ കിട്ടിയത് നിങ്ങളുടെ മിടുക്ക് കൊണ്ടല്ലെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ക്കം എല്ലാവര്‍ക്കുമറിയാം. അതിന് കാരണം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ ശരീരം മാത്രമാണ് സ്വന്തം പാര്‍ട്ടിയിലുള്ളത്. അവര്‍ നേരത്തെതന്നെ അങ്ങോട്ട് പോകാനിരുന്നവരാണ്'' എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയം നശിക്കുകയാണ് കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കിട്ടുന്ന അവസരങ്ങളിലെല്ലാം രമേശ് ചെന്നിത്തല ബിജെപിയെ പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, വിശ്വാസികള്‍ക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഞങ്ങള്‍ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരും നല്‍കാത്തതാണ്. ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ ബിയേയും പിണറായി വിജയന്‍ പരാമര്‍ശിക്കുകയുണ്ടായി.''ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ തയ്യാറാവില്ല. മൂത്രമൊഴിക്കാന്‍ തന്നെയാകും പദ്ധതി. എങ്ങനെയായും ദര്‍ശനം മുടക്കാനും ശബരിമല അടച്ചിടാനുമാണ് ഇവര്‍ താത്പര്യപ്പെടുന്നത്തത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമിത് ഷായുടെ വാക്കു കേട്ട് ഏതെങ്കിലും ആര്‍എസ്എസുകാരന്‍ ശബരിമലയില്‍ അക്രമം കാണിക്കാന്‍ വന്നാല്‍ അതിന്റെ ഫലം അവര്‍ സ്വയം അനുഭിക്കേണ്ടിവരുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.