കല്‍പ്പറ്റ: ഇതുവരെ കാണാത്ത മഴക്കെടുതിയാണ് വയനാട് നേരിട്ടു കൊണ്ടിരിക്കുന്നത്. വെളളം കയറി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ വെള്ളത്തിനടിയിലായി. 10000 ല്‍ പരം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഈ സാഹചര്യത്തില്‍ വയനാട്ടിലെത്തിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാവുകയാണ്.
ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ജില്ലയിലെത്തിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കായിരുന്നു ആദ്യമെത്തിയത്. മുഖ്യമന്ത്രിയെ കണ്ടതും വീടുകള്‍ തകര്‍ന്നതിനെ കുറിച്ചും ജീവിതം അനശ്ചിതത്വത്തിലായതിനേയും കുറിച്ചുമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് വീടിന്റെ അറ്റകുറ്റപ്പണിക്കും മറ്റുമുള്ള സൗകര്യമുണ്ടാക്കണമെന്ന് ക്യാമ്പിലുള്ളവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തനിക്ക് മുന്നില്‍ കരഞ്ഞു കൊണ്ട് വേദനകള്‍ പറയാനെത്തിയ വീട്ടമ്മയെ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വസിപ്പിച്ചു. ‘വീടൊക്കെ നമുക്ക് പുതിയതുണ്ടാക്കാം, വിഷമിക്കേണ്ട, നിങ്ങളുടെ ജീവനാണ് ഞങ്ങള്‍ക്ക് വലുത്’ എന്നു പറഞ്ഞാണ് വീട്ടമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് പടിഞ്ഞാറത്ത ബാണാസുര സാഗര്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പുതുശ്ശേരിക്കടവ്, കോട്ടത്തറ, പടിഞ്ഞാറത്തറ മേഖലകളിലുള്ളവരെയാണ് ഏറ്റവുമധികം മഴക്കെടുതി ബാധിച്ചത്. 2744 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
2744 കുടുംബങ്ങളിലെ 10649 പേരാണ് 133 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം തേടിയത്. പനമരം മേഖലയിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. അതേസമയം, കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഒരു കുടുംബത്തിന് സൗജന്യ റേഷന്‍ 3800 രൂപ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.