തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ സജീവമായി മുമ്പോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് അനുകൂലമായ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ ഒരു ഒറ്റപ്പെട്ട സംഭവമുണ്ടായത്. അതിനെ ഒറ്റപ്പെട്ടതായിത്തന്നെ കാണണം. സർക്കാർ അത്തരം സംഭവങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും. സര്‍വകക്ഷി യോഗത്തിന്‍റെ സന്ദേശം താഴെതലത്തിലുള്ള അണികളില്‍ വരെ എത്തേണ്ടതുണ്ട്. അത് എല്ലാ കക്ഷികള്‍ക്കും എത്രത്തോളം സാധിച്ചു എന്നതുകൂടി ആലോചിക്കണം. നേതാക്കള്‍ ഒരു മേശയ്ക്കപ്പുറവുമിപ്പുറവുമിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതുകൊണ്ട് മാത്രമായില്ല. ആ തീരുമാനം ഫലപ്രദമായി അണികളിലെത്തിക്കാനും അവരെക്കൊണ്ട് അത് പൂര്‍ണ്ണമായി അംഗീകരിപ്പിക്കാനും കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“അതിനുള്ള ശ്രമമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ 220 പ്രാദേശിക സമാധാന യോഗങ്ങള്‍ നടത്തി തുടങ്ങിവെച്ചത്. സമാധാനം സ്ഥാപിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത് സമാധാന സന്ദേശം അണികളിലെത്തിച്ച് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. ഒറ്റപ്പെട്ട സംഭവമുണ്ടാവുമ്പോള്‍ നേരത്തെയുണ്ടാക്കിയ സമാധാനാന്തരീക്ഷമാകെ തകര്‍ന്നുപോയി എന്ന പ്രതീതിയുണ്ടാക്കരുത്. സമാധാനാന്തരീക്ഷം പൊതുവില്‍ നിലനില്‍ക്കുന്നുവെന്നും എന്നാല്‍, ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായി എന്നുമേ കാണാവൂ. മറിച്ചായാല്‍ സമാധാന കാലം കഴിഞ്ഞു, ഇനി ആയുധമെടുത്തേക്കാം എന്നു ചിന്തിക്കാന്‍ അതു ചിലര്‍ക്കെങ്കിലും പ്രേരണയാകും. അതുകൊണ്ടു വലിയ ജാഗ്രതയോടെ മാത്രമേ ഈ സാഹചര്യത്തെ സമീപിക്കാവൂ”, മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് ശ്രീ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രചാരണം സമാധാനശ്രമങ്ങളെ സഹായിക്കുന്നതാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂര്‍ സംഭവത്തെ തുടര്‍ന്ന് സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതായി കാണിക്കുന്ന വ്യാജ ദൃശ്യം അടക്കമുള്ളതായിരുന്നു പോസ്റ്റ്. ഇത് നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പാക്കണമെന്നു ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അവര്‍ ഒരു കാര്യം ഓര്‍മിക്കണം. അതു നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. അവിടെ 1528 വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് നടന്നത്. 12 വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുള്ള വൃദ്ധ വരെ വെടിയേറ്റു മരിക്കുന്ന സ്ഥിതി വന്നു. ഇത്തരം സംഭവങ്ങളെ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷത്തിനായി നിലകൊള്ളുന്ന ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഒരു ജനാധിപത്യ കക്ഷിക്ക് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെയാണ് കഴിയുകയെന്നും പിണറായി വിജയന്‍ ചോദിച്ചു.

“ഉണ്ടായ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള അവസരമായി ഒറ്റപ്പെട്ട സംഭവത്തെ ഉപയോഗിക്കുന്നതിനെതിരായ സന്ദേശമാണ് കണ്ണൂരില്‍ ഇന്നു പ്രസരിക്കേണ്ടത്. അതാകട്ടെ, ഒറ്റക്കെട്ടായി എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതുമാണ്. അങ്ങനെയൊരു സന്ദേശം പോയാല്‍ അത് വലിയ തോതില്‍ ഗുണം ചെയ്യും. മറിച്ചായാല്‍ അന്തരീക്ഷം കൂടുതല്‍ കലുഷമാവുകയേയുള്ളൂ. അങ്ങനെ അന്തരീക്ഷം കലുഷമാവണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. സമാധാനത്തിന്‍റേതായ പൊതു സ്ഥിതിയും സ്പിരിറ്റും പൊതുവില്‍ കണ്ണൂരിലുണ്ട്. അതു മുമ്പോട്ടു കൊണ്ടുപോവാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ