കൊച്ചി: ആർഎസ്എസിന്റെ മുസ്‌ലിം വിരോധമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുസ്‌ലിങ്ങൾക്കെതിരെ ആണെങ്കിൽ നാളെ എല്ലാവർക്കുമെതിരെ ആർഎസ്എസ് തിരിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്ന് പിണറായി പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി എറണാകുളം മറെെൻ ഡ്രൈവിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യന്ത്രി.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്‌ലിം സമൂഹത്തെ പ്രത്യേകമായി അടര്‍ത്തിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. മുത്തലാഖ് വിഷയത്തിലും ഇതു തന്നെയാണ് ബിജെപിയും ആർഎസ്എസും ചെയ്‌തത്. വിവാഹ മോചന കേസുകളെല്ലാം സിവിൽ നിയമത്തിന്റെ കീഴിലാണ് എല്ലാ മതങ്ങൾക്കും. എന്നാൽ, മുത്തലാഖ് കൊണ്ടുവന്ന് മുസ്‌ലിം സമൂഹത്തിലെ വിവാഹമോചനങ്ങൾ മാത്രം ക്രിമിനൽ കേസിന്റെ കീഴിൽ കൊണ്ടുവരികയാണ് ബിജെപിയും ആർഎസ്എസും ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: Bigg Boss Malayalam 2, January 10 Written Live Updates: ഇഞ്ചി മിഠായി…ഇഞ്ചി മിഠായി…; ഇതൊക്കെ നമ്മളെത്ര കണ്ടതാണെന്ന് ആര്യ

രാഷ്‌ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ തുടരാം. എന്നാൽ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ ഒരു മനസോടെ നിൽക്കാൻ തയ്യാറാവണം. അതേസമയം ഈ ഐക്യത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്‌. തീവ്രവാദ ശക്തികളെയും വർഗീയ ശക്തികളെയും അടുപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത്‌ ഉയർന്നുവന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ തല്ലിയൊതുക്കാനാണ്‌ ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിലെന്ന പോലെ യുവതയുടെ ചെറുത്ത്‌ നിൽപാണ് രാജ്യത്തുടനീളം കാണുന്നത്‌. ജവഹർലാൽ നെഹ്‌റു സർവകലാശാല ഉൾപ്പെടെയുള്ള ക്യാംപസുകളിൽ പ്രക്ഷോഭം തിളച്ചുമറിയുകയാണ്‌. അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായി ഉയർന്നുവരും. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ കണ്ടത്‌ അതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.