scorecardresearch

Latest News

ക്യാംപുകളില്‍ നിന്നും മടങ്ങുന്ന ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപ പലിശരഹിത വായ്‌പ

ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയടക്കം അവശ്യ സാധനങ്ങളുള്ള കിറ്റ്‌ നല്‍കും. ബാങ്കുകളുമായി ബന്ധപ്പെട്ട് എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

Rebuilding Kerala

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കാതെ വിവാദങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. ജനങ്ങളാണ് വലുത്, യോജിപ്പാണ് അതിജീവിതത്തിന്റെ മാര്‍ഗം’ എന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നും ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാണ് എന്നും വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തെ അട്ടിമറിക്കുന്ന തര്‍ക്കങ്ങള്‍ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രളയം സർക്കാർ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

ഇന്ന് വിവിധയിടങ്ങളിലെ ക്യാംപുകള്‍ സന്ദര്‍ശിചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെങ്ങന്നൂര്‍, ആലപ്പുഴ, കോഴഞ്ചേരി, പറവൂര്‍ എന്നീയിടങ്ങളിലെ ഓരോ ക്യാംപുകള്‍ വീതമാണ് മുഖ്യമന്ത്രിയുടെ നേത്രുത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. ക്യാംപുകളുടെ സ്ഥിതി പൊതുവേ സന്തോഷകരമാണ് എങ്കിലും അത് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചാണ് പലരും ആശങ്ക പ്രകടിപ്പിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. വീട് തന്നെ നഷ്ടപ്പെട്ടവരും, വീട്ടിലെ വസ്തുക്കള്‍ കേടുവന്നവരും, രേഖകള്‍ നഷ്ടപ്പെട്ടവരുമായി ഒട്ടനവധി പേരുണ്ട്. അവര്‍ക്ക് വേണ്ടത് എല്ലാം തന്നെ സര്‍ക്കാര്‍ ചെയ്യും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വീട്ടിലേക്ക് മടങ്ങി പോകുന്നവര്‍ക്ക്

നിലവില്‍ സ്കൂളുകളിലും കോളേജുകളിലുമാണ് മിക്കവാറും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓണാവധി കഴിയുന്നതോടെ ഇവരെ മാറ്റി താമസിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. പുനരധിവാസം നടക്കുന്നത് വരെ ക്യാംപുകള്‍ക്കുള്ള സ്ഥലം കണ്ടെത്താന്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്യാംപുകളില്‍ നിന്ന് ഒഴിഞ്ഞു പോവുമ്പോള്‍ എല്ലാവരെയും വീടുകള്‍ താമസയോഗ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം അരിയടക്കം അവശ്യ സാധനങ്ങളുള്ള കിറ്റ്‌ നല്‍കും. ബാങ്കുകളുമായി ബന്ധപ്പെട്ട് എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും. മുഖ്യമന്ത്രി പറഞ്ഞു.

“വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരുണ്ട്. ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ പല പാഠങ്ങളും പഠിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വീട് ഇരുന്നവര്‍ക്ക് വീട് വെക്കാന്‍ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്” മുഖ്യമന്ത്രി പറഞ്ഞു.

മുന്നോട്ടേക്കുള്ള വെല്ലുവിളികള്‍

വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ പറവൂരിലെ ക്യാംപില്‍ നിന്ന് ക്യാംപിലെ പ്രശ്നങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. അതില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. 12,10,450 പേരാണ് ഇന്നലെ ക്യാംപുകളില്‍ കഴിഞ്ഞത്. ഇന്നത്തോടെ പലരും വീട്ടിലേക്ക് മടങ്ങി. സംസ്ഥാനത്തൊട്ടാകെ 10,40,688 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് എന്നാണ് കണക്ക്. ഇന്നലെ 3314 ക്യാംപുകള്‍ ഉണ്ടായിരുന്നയിടത്ത് ഇന്നത്തോടെ 2274 ക്യാംപുകളായിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്രുത്വത്തില്‍ വീടുകള്‍ ശുചീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇന്ന് മാത്രം 60,591 വീടുകളും 37,270 കിണറുകളുമാണ് വൃത്തിയാക്കിയത്. ഇതില്‍ കിണറുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വെള്ളം കയറിയ മിക്ക സ്ഥലങ്ങളിലും വൈദ്യുതി തിരിച്ചെത്തിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ജനങ്ങളെ ക്യാമ്പുകളിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്, തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ ധർമ്മം: രമേശ് ചെന്നിത്തല

“സംസ്ഥാനത്ത് 50 സബ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനരഹിതമായിരുന്നത്. ഇന്നത്തോടെ അതില്‍ 49 എണ്ണം പ്രവര്‍ത്തന വിധേയമാക്കി. പ്രവര്‍ത്തനം നിലച്ച 16,158 ട്രാന്‍സ്‌ഫോര്‍മറുകളില്‍ 13,477 എണ്ണം ഇപ്പോള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.” പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിങ് വിഭാഗത്തെയാണ് സുരക്ഷാ പരിശോധനയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ശുചീകരണ പ്രവര്‍ത്തനവും വീടുകളെ പഴയപടി താമസയോഗ്യമാക്കലുമാണ് ഇപ്പോള്‍ മുന്നിലുള്ള വലിയ പ്രശ്നമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധത സംഘടനകള്‍ കാര്യമായ പങ്ക് വഹിക്കുന്നതായി അറിയിച്ച മുഖ്യമന്ത്രി പക്ഷിമൃഗാദികളുടെ ശവശരീരം നീക്കം ചെയ്യുന്നതില്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായും അറിയിച്ചു. സൈന്യത്തിന്റെ ഒരു വിഭാഗത്തിനെയാണ് ഇപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan chief minister press conference relief camp kerala flood