തിരുവനന്തപുരം: മംഗലാപുരം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാറിന്റെ വെല്ലുവിളിക്ക് മറുപടിയുമായി പിണറായി വിജയൻ. നിശ്ചയിച്ച പരിപാടി അതുപോലെ നടക്കുമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രണ്ടുപരിപാടികളാണ് അന്ന് നിശ്ചയിച്ചിട്ടുള്ളതെന്നും അതിൽ പങ്കെടുക്കുമെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ ബിജെപി,​ ആർഎസ്എസ് പ്രവർത്തകർക്കെതിരെയുള്ള അക്രമത്തിൽ നടപടി എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയെ മംഗലാപുരത്ത് പ്രവേശിപ്പിക്കില്ല എന്നായിരുന്നു സംഘപരിവാർ സംഘടകൾ അറിയിച്ചത്. പിണറായി വിജയനെതിരെ സംഘപരിവാര്‍ ഫെബ്രുവരി 25ന് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവും കേരളം ഭരിക്കുന്ന ഏകാധിപതിയുമാണ് പിണറായിയെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് എം.ബി.പുരാണിക് ആരോപിച്ചിരുന്നു.

മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലാണ് പിണറായി പങ്കെടുക്കുക. വാര്‍ത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനമാണ് മറ്റൊരു പരിപാടി. നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു.

ഇതിനിടെ പിണറായി വിജയനെ തടഞ്ഞാൽ അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളെ കേരളത്തിൽ കയറ്റില്ല​ എന്ന് ഡിവൈഎഫ്ഐ നേതാവ് പി.പി.ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ദേശീയ നേതാക്കൾ തങ്ങളുടെ പ്രവർത്തകരുമായി ഇനി വിഡിയോ കോൺഫറൻസ് നടത്തേണ്ടി വരുമെന്നും ദിവ്യ എഴുതിയിട്ടുണ്ട്.


പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പിണറായിക്ക് സുരക്ഷ നൽകുമെന്ന് മംഗലാപുരം പൊലീസ് അറിയിച്ചു. എന്നാൽ പിണറായി വിജയനെ തടയണമെന്നാവശ്യപ്പെട്ട് പൊലീസിനെക്കാണാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ