scorecardresearch
Latest News

നേമം കോച്ചിങ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം: മുഖ്യമന്ത്രി

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Pinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

നേമം കോച്ചിങ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം എംപിമാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റെയില്‍വെ വികസനം

സംസ്ഥാനത്തെ റെയില്‍വെ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണ്. പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാകുന്നുമില്ല. പുതിയ ട്രെയിനുകളും പുതിയ പാതകളും പാത ദീര്‍ഘിപ്പിക്കലുമുള്‍പ്പെടെ നടപ്പാകാത്ത അവസ്ഥയാണ്. സമഗ്രമായ റെയില്‍വേ വികസനത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച വിഷയത്തില്‍ സാധ്യമാകുന്ന തരത്തിലെല്ലാം ഇടപെടണം.

ഉദ്യോഗസ്ഥതലത്തിലും നിയമപരമായും സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ജനവാസമേഖലയും കൃഷിയിടങ്ങളും സംരക്ഷിച്ചുള്ള നിലപാടാണ് സംസ്ഥാനത്തിന്റെത്. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. സുപ്രീം കോടതി ഉത്തരവിനെതിരെ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്യും.

ജി എസ് ടി

ജി എസ് ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുകൂടി ദീര്‍ഘിപ്പിക്കണം. ബേക്കല്‍-കണ്ണൂര്‍, ഇടുക്കി-തിരുവനന്തപുരം, ഇടുക്കി – കൊച്ചി എയര്‍ സ്ട്രിപ്പ് റൂട്ടുകള്‍ പരിഗണിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

അഗ്നിപഥ് പദ്ധതി

സമാവര്‍ത്തി ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനവുമായി മതിയായ കൂടിയാലോചന നടത്താതെ നിയമനിര്‍മ്മാണം നടത്തുന്നത് കേന്ദ്രം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ അധികാരങ്ങള്‍ ദിവസം തോറും കുറയ്ക്കാനുള്ള നടപടികളാണ് കേന്ദ്രം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭം നടക്കുകയാണ്. പദ്ധതിയില്‍ നിന്നും പിന്മാറണം.

അറ്റോമിക് ധാതുക്കള്‍ ഖനനം ചെയ്യാനുള്ള അധികാരം നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാത്രമേ ഉള്ളു. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ മൈന്‍സ് ആന്‍റ് മിനറല്‍സ് നിയമത്തില്‍ ഭേദഗതി വരുത്തുകയാണ്. ഇത് രാജ്യസുരക്ഷയ്ക്കും പരിസ്ഥിയ്ക്കും പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യത്തിലുള്ള അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പ്രവാസി പുനരധിവാസവും വിമാന ടിക്കറ്റ് നിരക്കും

നാം വലിയതോതില്‍ പിന്തുണ നല്‍കേണ്ട വിഭാഗമാണ് പ്രവാസികള്‍. എന്നാല്‍ അവരെ എത്രമാത്രം ഉപദ്രവിക്കാനാകുമോ എന്നാണ് കേന്ദ്രം നോക്കുന്നത്. 2000 കോടി രൂപയുടെ പ്രവാസി പുനരധിവാസ പാക്കേജ് കാര്യത്തില്‍ ഇതുവരെ അനുകൂല പ്രതികരണമില്ല. പ്രവാസികള്‍ക്ക് നാട്ടില്‍ വരേണ്ട സമയങ്ങളിലൊക്കെ വലിയ തോതില്‍ വിമാന കൂലി വര്‍ദ്ധിപ്പിക്കുകയുമാണ്.

ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനയാത്രാ നിരക്ക് കുറക്കാന്‍ അടിയന്തിര നടപടിയെടുക്കണം. ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ തങ്ങളല്ല തീരുമാനമെടുക്കേണ്ടത് എന്നുപറഞ്ഞു കൈകഴുകുന്നത് അപഹാസ്യമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു നല്‍കുമ്പോള്‍ വലിയമാറ്റം വരുമെന്ന് ചിന്തിച്ച ചില വികസന തല്‍പ്പരരുടെ പ്രതീക്ഷ അസ്ഥാനത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം.

അര്‍ഹമായ റേഷന്‍ നല്‍കണം

ഭക്ഷ്യ ഭദ്രതാനിയമം നടപ്പായതോടെ റേഷന്‍ സമ്പ്രദായം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. അരല ക്ഷത്തോളം പേര്‍ മുന്‍ഗണനാ പട്ടികപ്രകാരമുള്ള റേഷന്‍ സമ്പ്രദായത്തിന് പുറത്തായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം ഉള്‍പ്പെടെ കുറവു വരുത്തി. ഗോതമ്പ് പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന് അര്‍ഹമായ റേഷന്‍ വിഹിതവും വെട്ടിക്കുറച്ച മണ്ണെണ്ണയും പുനസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ എം.പിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: നല്ല ഭക്ഷണവും വൃത്തിയും അനിവാര്യം; ഹോട്ടലുകള്‍ക്ക് ഇനി ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan central government parliaments monsoon session