scorecardresearch
Latest News

നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ല: മുഖ്യമന്ത്രി

കൃതി പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

pinaryi vijayan, inaugurate krithi fest,

കൊച്ചി: ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ കേരളീയന്റെയും മനസ്സില്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മറൈന്‍ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഹജീവികളോടും ലോകത്തോടാകെയുമുള്ള കരുതലാണ് സംസ്‌കാരത്തിന്റെ കാതല്‍. അതു തകര്‍ന്നാല്‍ പ്രബുദ്ധതയുള്ള നാടായി നമ്മെ കണക്കാക്കാനാകില്ല. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തണം.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു നയിച്ച കേരളത്തെ പിറകോട്ട് കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഗൗരവമായി കാണണം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സാംസ്‌കാരികരംഗത്തുണ്ടായ ഉയര്‍ച്ചയും ഇടപെടലുമാണ് സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യനിലവാരം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. ആ യശസ്സിന് അപകീര്‍ത്തികരമായ രീതിയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നു. സമൂഹത്തെ പിന്നോട്ടു നയിക്കാനുള്ള അത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങളെ തടയുകയാകണം സാംസ്‌കാരിക സംരംഭങ്ങളുടെ പ്രധാനദൗത്യം – മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സ്വതന്ത്രമായി അഭിപ്രായപ്രകടനവും ഭാവനാപരമായ രചനകളും നിര്‍വഹിക്കുന്നവര്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ദുരനുഭവങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വിയോജനാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഞെരിച്ചമര്‍ത്തുന്നതും തുടരെത്തുടരെ ആക്രമിക്കുന്നതും ആവര്‍ത്തിക്കുന്നു. ഹിതകരമല്ലാത്തതൊന്നും ആരും പറയേണ്ടതില്ലെന്ന കല്‍പ്പനകള്‍ ഇടക്കിടെ കേള്‍ക്കുന്നു. സ്വതന്ത്ര കലാരചന നടത്തിയ എം.എഫ്.ഹുസൈന് ഈ നാടു വിടേണ്ടി വന്നു. ആനന്ദ് പട്‌വര്‍ധന്‍ ആക്രമിക്കപ്പെട്ടു. കാഞ്ച ഇളയ്യയുടെ നാവരിയുമെന്ന് ഭീഷണിപ്പെടുത്തി. എത്രയോ പേരുടെ കൃതികള്‍ ഇരുട്ടിലേക്ക് തള്ളി. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്തു. സ്വതന്ത്രമായി ഉല്‍പതിഷ്ണുത്വത്തോടെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലായിരുന്നു ഇതെല്ലാം. ചലച്ചിത്രങ്ങള്‍ക്കു നേരെ പടവാളോങ്ങുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തുകാരനും വായനക്കാരനുമിടയില്‍ പുസ്തകമുതലാളി ഇല്ലാത്ത സംസ്‌കാരത്തിന് തുടക്കമിട്ട പ്രസ്ഥാനമാണ് കൃതിയുടെ സംഘാടകരായ എസ്‌പിസിഎസ് എന്ന് അദ്ദേഹം പറഞ്ഞു. വായനയുടേയും ചിന്തയുടേയും പുതിയൊരു അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന് തെളിവാണ് ഈ മേള. പ്രസാധനരംഗത്ത് സാങ്കേതികവിദ്യയുണ്ടാക്കുന്ന മാറ്റങ്ങള്‍ നിര്‍ണായകമാണ്. എന്നാല്‍ വായന മരിക്കുന്നില്ലെന്നത് വലിയ കാര്യമാണ്.

കൊച്ചി ധരണി അവതരിപ്പിച്ച കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പ്രൊഫ. എം.കെ.സാനു , ജനറൽ കൺവീനർ എസ്.രമേശൻ എന്നിവർ സംസാരിച്ചു.

ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ എന്ന പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശിപ്പിച്ചു. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തകവിതരണോദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ ര്‍വഹിച്ചു. പ്രൊഫ. കെ.വി.തോമസ് എംപി പുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്തു. എസ്‌‌പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇഎംഎസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മേളയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍.കരുണിന് നല്‍കി എം.എ.ബേബി നിര്‍വഹിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan attappadi madhu mob lynching visit