തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ സൈന്യം തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ എന്ന് അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകള്‍ക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തിട്ടുണ്ടെന്നും ഇതിന് ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന ബോട്ടുകള്‍ മടക്കി അയയ്ക്കാനുള്ള ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇനി നിങ്ങള്‍ പൊയ്‌ക്കോ എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ കൈവിടില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹോദരങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരുടെ സ്‌നേഹത്തെ ആദരവോടെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മൊത്തം ക്യാംപുകളുടെ എണ്ണം 5649. ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം 724649 ആണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് മരിച്ചവര്‍ 13 പേരാണ്. രക്ഷപ്പെടുത്തിയത് 22034 പേരെ. ദുരന്തം നേരിടുന്ന കാര്യത്തില്‍ മാതൃകയാവാന്‍ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി. ഇത്തരം ദുരന്തം ഇനിയും ഉണ്ടായാല്‍ നാമുദ്ദേശിക്കുന്ന രീതിയില്‍ ഇനിയും ഇടപെടാന്‍ സാധിക്കണമെന്നും അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പും മുഖ്യമന്ത്രി നല്‍കി.

ഗതാഗത മേഖലയെ ശക്തിപ്പെടുത്തണം. റെയില്‍വെ തടസ്സം നീക്കാന്‍ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വെ പ്രവര്‍ത്തനം നടത്തും. അതോടൊപ്പം റോഡ് ഗതാഗത്തിന്റെ കാര്യത്തില്‍ ദേശീയപാത അതോറിറ്റിയും പിഡബ്ല്യുഡിയും യോഗം ചേര്‍ന്നു. പ്രയാസകരമാണെങ്കിലും എല്ലാ റോഡുകളും പുനസ്ഥാപിക്കും. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനസ്ഥാപിക്കും. റോഡ് തകര്‍ന്ന വകയില്‍ 4421 കോടിയുടെ നഷ്ടം. 221 പാലങ്ങള്‍ പ്രളയത്തില്‍പെട്ട് കേടുപാട് പറ്റി. ഇപ്പോഴും 51 പാലങ്ങള്‍ വെളളത്തില്‍. പുനരുദ്ധാരണത്തിനായി നേരത്തെ ഈ മേഖലയിലേക്ക് നീക്കിവച്ച 1000 കോടി രൂപ ഉപയോഗിക്കും.

ശുചിത്വപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടത്തണമെന്ന് മേല്‍നോട്ടം വഹിക്കാന്‍ എല്ലായിടത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. സഹകരിക്കാന്‍ തയ്യാറാകുന്ന എല്ലാ സംഘടനകളും പ്രവര്‍ത്തനത്തില്‍ ഒന്നിച്ച് പങ്കുചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പഞ്ചായത്തില്‍ ആറ് പേരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. കൂടുതല്‍ പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആരോഗ്യവകുപ്പിന്റെ അഡീണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉപസമിതി ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും.

എല്ലാ ദുരിതാശ്വാസ ക്യാംപിലും വനിത പൊലീസിനെ നിയമിക്കും. വീടുകളില്‍ ചളി കെട്ടിക്കിടക്കാനുളള സാധ്യതയുണ്ട്. പകര്‍ച്ചവ്യാധികള്‍ പകരാമെന്ന സാധ്യ പരിഗണിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഹരിത കേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ