തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചിട്ടുണ്ട്.

വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായത്.

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സൈന്യം തയ്യാറായി നില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലുളള സൈനിക യൂണിറ്റുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മതിയായ ഡിങ്കി ബോട്ടുകളോ മറ്റ് ഉപകരണങ്ങളോ ലഭ്യമല്ല. ഇത് കണക്കിലെടുത്ത് കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

അതേസമയം, ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതത് ജില്ലകളിലെ കളക്ടമാരാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മറ്റു താലൂക്കുകളില്‍ പ്രാഫഷണല്‍ കോളജുകള്‍ ഒഴികെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം തിങ്കളാഴ്ച മുതല്‍ എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. മാറ്റിയ പരീക്ഷകള്‍ എന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.

കൊച്ചിയില്‍ മഴക്കെടുതി ബാധിതമേഖലകളിലെ 53 ക്യാമ്പുകളിലായി 3986 പേരാണ് അഭയം തേടിയിരിക്കുന്നത്. ചൊവ്വാഴ്ച്ച 54 ക്യാമ്പുകളിലായി 4681 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. പുഴയിലെയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴുന്നതനുസരിച്ച് ക്യാമ്പുകള്‍ നിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പറവൂര്‍ താലൂക്കിലാണ് – 20. കണയന്നൂര്‍ – 12, മൂവാറ്റുപുഴ – 09, ആലുവ – 06, കൊച്ചി – 03, കോതമംഗലം – 02, കുന്നത്തുനാട് – 01 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മൊത്തം 1273 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം, നാളെ വ്യാഴാഴ്ച ജില്ലയിൽ സ്കൂളുകൾക്ക് അവധി ഇല്ല. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ സ്കൂൾ മേധാവികൾക്ക് ഇത് സംബന്ധിച്ച തീരുമാനം എടുക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ