തിരുവനന്തപുരം: ബിജെപി-ആർഎസ്എസ് നേതാക്കളുമായി നടത്തുന്ന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർകരെ യോഗം ചേരുന്ന ഹാളിൽനിന്നും പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്. തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ(എം), ബിജെപി-ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മസ്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യദൃശ്യങ്ങൾ എടുക്കുവാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്താൻ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയപാർടി നേതാക്കളും വരുമ്പോൾ മാധ്യമപ്രവർത്തകർ യോഗം നടക്കുന്ന ഹാളിനകത്തായിരുന്നു. അതുകൊണ്ടാണ് അവരോട് പുറത്തുപോകുവാൻ പറയേണ്ടിവന്നത്. യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുകയും ചെയ്തുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചത് വിവാദമായിരുന്നു. ചർച്ചക്കെത്തിയ ആർഎസ്എസ്-ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ പകർത്തിക്കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും എത്തിയത്. ഹാളിനകത്ത് മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.

ആദ്യം മാനേജറോട് ദേഷ്യപ്പെട്ട മുഖ്യമന്ത്രി പിന്നീട് മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു. ഹാളിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്ന മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പിണറായി വിജയൻ ആക്രോശിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ