ആലപ്പുഴ : കേരളരാഷ്ട്രീയത്തിലെ വിപ്ലവനക്ഷത്രമായ കെ.ആര്‍ ഗൗരിയമ്മയെ ആദരിക്കാന്‍ എത്തിയത് മുഖ്യമന്ത്രി പിണറായിവിജയന്‍ ഉള്‍പ്പെട മന്ത്രിസഭയിലെ ഏഴുപേര്‍. ഗൗരിയമ്മുടെ ആലപ്പുഴ ചാത്തനാട്ടെ വസതിയിലാണ് ആദ്യമന്ത്രിസഭയുടെ അറുപതാം വാർഷിക ആഘോഷത്തിന്‌റെ ഭാഗമായി ഗൗരിയമ്മയെ ആദരിക്കാന്‍ മിനിമന്ത്രിസഭ കൂടിയത്. കൂടെ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എത്തിയതോടെ കുറച്ചുനേരത്തേക്ക് ഭരണസിരാകേന്ദ്രമായി മാറി ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുടെ  ചാത്തനാട്ടെ വസതി.

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗമായ ഗൗരിയമ്മയെ ആദരിക്കാനാണ് ചാത്തനാട്ടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്.ആദരിക്കാനെത്തിയവര്‍ക്ക് ആലപ്പുഴവിഭവങ്ങള്‍ നല്‍കി ഗൗരിയമ്മ സ്വീകരിച്ചു. ആലപ്പുഴ സ്‌പെഷ്യല്‍ കരിമീന്‍ കറിയും കൊഞ്ച് വറുത്തതും കപ്പയും താറാവുകറിയും തീന്‍മേശയില്‍ ഒരുക്കിയിരുന്നു. അപ്പം, ഇടിയപ്പം, പൊറോട്ട്, അരിപ്പത്തിരി, കരിമീന്‍പൊളളിച്ചത്, നെയ്മീന്‍കറി, കൊഞ്ച്, ആട്ടിറച്ചി, ബീഫ് ഉലര്‍ത്തിയത്, കോഴി കറിവച്ചതും വറുത്തതും ഉള്‍പ്പെടെ ഗംഭീരവിരുന്നായിരുന്നു ഗൗരിയമ്മ ഒരുക്കിയത്. “എല്ലാവരും കഴിച്ചിട്ടേ പോകാവു”എന്ന ഗൗരിയമ്മയുടെ സ്‌നേഹശാസനത്തിന് മുന്നില്‍ അവർ വഴങ്ങി.

മന്ത്രിസംഘം എത്തുന്നതറിഞ്ഞ് ഗൗരിയമ്മയുടെ വീട്ടിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. മന്ത്രിമാരായ എ.സി മൊയ്തീന്‍, പി.തിലോത്തമന്‍, ജി.സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, മന്ത്രി തോമസ് ഐസക് എന്നിവരാണ്  ആദ്യ വനിതാ മന്ത്രിയെ ആദരിക്കാനായി എത്തിയത്. മുഖ്യമന്ത്രിയെ രക്തഹാരം അണിയിച്ചാണ് ഗൗരിയമ്മ വീട്ടിലേക്ക് സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‌റെആദരമായി ഗൗരിയമ്മയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. സ്പീക്കര്‍ നിയമസഭയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവും സമ്മാനിച്ചു. കൂടാതെ അദ്ദേഹം ഗൗരിയമ്മയുടെ ചിത്രവും സമ്മാനമായി നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ