scorecardresearch
Latest News

പ്രക്ഷോഭങ്ങളില്‍ തീവ്രനിലപാടുകാര്‍ക്ക് സ്ഥാനം നല്‍കരുത്: പിണറായി വിജയന്‍

പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സർവകക്ഷിയോഗം ചുമതലപ്പെടുത്തി. ഭരണഘടനാ സംരക്ഷണ സമിതിയെ കുറിച്ച് യോഗത്തിൽ ചർച്ചയായില്ല.

പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. തീവ്രനിലപാടുള്ളവരെ പ്രക്ഷോഭങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വര്‍ഗീയ സംഘടനകളുടെ പ്രക്ഷോഭം അതിരുവിട്ടാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യോജിച്ചുള്ള പ്രതിഷേധത്തിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്‌ച മുതല്‍ കടയടപ്പ് സമരം

അതേസമയം, പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംയുക്ത പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും പിന്നീട് അറിയിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകരുത്, യുഎപിഎ പോലുള്ള കരിനിയമങ്ങൾ സംസ്ഥാന സർക്കാർ ഒഴിവാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Read Also: ഞങ്ങളുടെ വിവാഹത്തിന് രജനീകാന്ത് എത്തിയപ്പോള്‍; അപൂര്‍വ ചിത്രം പങ്കുവച്ച് താരം

സർവകക്ഷിയോഗം ബഹിഷ്കരിക്കുകയാണ് ബിജെപി ചെയ്‌തത്. ഗവര്‍ണറേയും കര്‍ണാടക മുഖ്യമന്ത്രിയെയും തടഞ്ഞതിനെതിരെ പ്രമേയം പാസാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, യോഗം ഇത് അംഗീകരിച്ചില്ല. അതിനെ തുടര്‍ന്നാണ് ബിജെപി സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചത്. പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധിവരും വരെ കാത്തിരിക്കണമെന്ന് ബിജെപി വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ യോഗം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എം.എസ്.കുമാര്‍ കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan all party meeting citizenship amendment act protests