തിരുവനന്തപുരം: എകെജിയ്ക്ക് എതിരായ പരാമർശത്തിൽ വി.ടി .ബൽറാമിനെ വിവരദോഷിയെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയ്ക്ക് എകെജി ആരെന്ന് പറഞ്ഞുകൊടുക്കാൻ വിവേകമുള്ള നേതാക്കളാരും കോൺഗ്രസിൽ ഇല്ലെന്നതാണ് കോൺഗ്രസിന്റെ ദുരന്തം എന്നും പിണറായി പറഞ്ഞു.

“ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. ഇക്കാര്യം പറഞ്ഞുകൊടുക്കാൻ വിവേകമുള്ള നേതാക്കളാരും ആ പാർട്ടിയിലില്ല എന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ ദുരന്തം”, പിണറായി കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്കിലെ ചർച്ചയ്ക്ക് ഇടയിലാണ് എകെജിയെ ബാലപീഡകൻ എന്ന് വിടി ബൽറാം അധിക്ഷേപിച്ചത്. എന്നാൽ ഇതിനെ വിമർശിച്ച് പ്രധാന കോൺഗ്രസ് നേതാക്കളടക്കം ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചത്.

“അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്‌റുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിർഗുണ ഖദർധാരികൾ ഓർക്കുന്നത് നന്ന്”, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പറഞ്ഞു.

പരാമർശത്തിലൂടെ നാടിന്റെ ആത്മാഭിമാനത്തെയാണ് വി.ടി.ബൽറാം നോവിച്ചതെന്ന് പിണറായി പറഞ്ഞു. “എകെജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളിൽ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരുക്കാണ്”, മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.