തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് കേരളം എല്ലാ മേഖലയിലും പുറകോട്ട് പോയി. യുഡിഎഫ് അധികാരത്തിലിരുന്നതാണ് ദുരന്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷ നീക്കത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നു. ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, നുണകള്‍ പലയാവര്‍ത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നത്. 2016ല്‍ യുഡിഎഫ് എന്ന ദുരന്തത്തെ അവസാനിപ്പിച്ച് തുടങ്ങിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏഴ് വര്‍ഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു സര്‍ക്കാര്‍ അതിന്റേതായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ കുറവുകളോ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ അനുഭവത്തില്‍ അത്തരത്തിലുള്ള ഒരു വീഴ്ചയും ഈ പറയുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നില്ല. മറിച്ച് കെട്ടിപ്പൊക്കുന്ന അപവാദങ്ങളിലാണ് കേന്ദ്രീകരിച്ചത്. നുണകള്‍ പലയാവര്‍ത്തി പ്രചരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തത്. ഇടതുപക്ഷം അധികാരത്തില്‍ വന്ന 2016 ന് മുന്‍പുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയില്‍ ആയിരുന്നു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പുറപ്പെട്ട എല്ലാ പദ്ധതികളും തുരങ്കംവെക്കാന്‍ മാത്രമേ യുഡിഎഫും ബിജെപിയും ശ്രമിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങള്‍ തന്നെ മാറ്റി. പെന്‍ഷന്‍ കുടിശിക തീര്‍ക്കുക മാത്രമല്ല, വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന 25 വർഷംകൊണ്ടു ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്കു കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴു വർഷമായി സർക്കാർ തുടരുന്ന വികസന പദ്ധതികൾ സംസ്ഥാനത്തെ ഈ ലക്ഷ്യത്തിലേക്കു കൂടുതൽ അടുപ്പിക്കുകയാണ്.
വലിയ നിരാശ ബാധിച്ചവരായിരുന്നു 2016നു മുൻപ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു മാറ്റവുമുണ്ടാകില്ലെന്നും മാറ്റം പ്രതീക്ഷിക്കേണ്ടെന്നും കരുതിയവർ നിരവധിയായിരുന്നു. നാടിന്റെ അഭിമാന രംഗങ്ങളായിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ പിന്നോട്ടുപോക്കും സാംസ്‌കാരിക നിലവാരത്തിലുണ്ടായ ജീർണതകളും അഴിമതിയുമൊക്കെ ഇതിനു കാരണമായി. ഈ നിലയിൽനിന്നാണ് ഇന്നു കാണുന്ന കേരളം ഉയിർത്തെഴുന്നേറ്റത്. എല്ലാ ദുരന്തങ്ങളേയും അതിജീവിച്ചു കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തെ താഴ്ത്തിക്കാണിക്കാനായി നുണ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
പെൻഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർത്തുന്ന ചില കാര്യങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 1473.67 കോടി രൂപ വിവിധ പെൻഷൻ ഇനങ്ങളിൽ കുടിശ്ശികയായിരുന്നു. രണ്ടു വർഷം വരെ പെൻഷൻ കിട്ടാത്തവർ അക്കാലത്തുണ്ടായിരുന്നു. കർഷകത്തൊഴിലാളികൾക്ക് 99.69 കോടി രൂപ, വാർധക്യ പെൻഷൻ 803.85 കോടി രൂപ, വികലാംഗ പെൻഷൻ 95.11 കോടി, അവിവാഹിത പെൻഷൻ 25.97 ലക്ഷം, വിധവാ പെൻഷൻ 449 കോടി എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഈ കുടിശ്ശികയെല്ലാം പുതിയ സർക്കാർ കൊടുത്തുതീർത്തു. 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയാക്കി ഉയർത്തി. 18997 കോടി രൂപ സാമൂഹ്യ പെൻഷനായി വിതരണം ചെയ്തു. എല്ലാ പെൻഷനുകളും കൃത്യമായി നൽകുന്നു. പാവങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരാണെന്നതുകൊണ്ടാണ് ഇതു സ്വീകരിക്കുന്നത്. അതാണ് സർക്കാരിന്റെ നയം.
ചെറിയ കാര്യങ്ങളിൽപ്പോലും പ്രത്യേക ശ്രദ്ധ നൽകി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വലിയ മാറ്റമാണു നാട്ടിലുണ്ടാക്കിയത്. 2016ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നെൽകൃഷി വർധിപ്പിക്കാൻ ശ്രമം നടത്തി. ഓരോ പ്രദേശത്തുമുള്ള തരിശുനിലങ്ങൾ കൃഷി ഭൂമിയാക്കാൻ നടത്തിയ ശ്രമങ്ങളോടു ജനങ്ങൾ പൂർണമായി സഹകരിച്ചു. അതിന്റെ ഫലമായി 1,70000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന നെൽകൃഷി ഇപ്പോൾ 2,23,000 ഹെക്ടറായിരിക്കുന്നു. ഉത്പാദന ക്ഷമതയും വർധിച്ചു. പച്ചക്കറി ഉത്പാദനത്തിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.
ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ജി.ഡി.പി. മുൻ വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയായി. കേരളം പിന്നോട്ടു പോയിട്ടില്ലെന്നതിന്റെ വ്യക്തമായ കണക്കാണിത്. നൂറ്റാണ്ടിലെ മഹാപ്രളയവും അതിനു ശേഷമുണ്ടായ അതിരൂക്ഷ കാലവർഷക്കെടുതിയും നാടിനെ തകർത്തെറിഞ്ഞ അവസ്ഥയിൽ തലയിൽ കൈവച്ചു നിലവിളിക്കാനായിരുന്നില്ല കേരളം തയാറായത്. വികസനത്തിലൂന്നി, ഒരുമയോടെയും ഐക്യത്തോടെയും പ്രതിസന്ധികളെ അതിജീവിച്ചു. ഈ അതിജീവനത്തിന്റെ കണക്കാണ് ആഭ്യന്തര വരുമാനത്തിലുണ്ടായ ഈ വളർച്ച.
നാട്ടിലെ യുവാക്കൾ 2016ൽ വലിയ നിരാശയിലായിരുന്നു. തൊഴിലില്ലായ്മ പെരുകി. വികസനമില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യത്തിലും ഇപ്പോൾ വലിയ മാറ്റമുണ്ടായിരിക്കുന്നു. 12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനത്തിലേക്കു താഴ്ന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 1,40,000 ൽ എത്തി. നിക്ഷേപത്തിനു താത്പര്യപ്പെട്ട് ധാരാളം ആളുകൾ ഇപ്പോൾ വരുന്നു. അതിൽത്തന്നെ നല്ലൊരു ഭാഗം സ്ത്രീകളാണ്. 8500 കോടിയോളം രൂപയുടെ നിക്ഷേപമാണ് സംരംഭക വർഷത്തിലൂടെയുണ്ടായത്. മൂന്നു ലക്ഷത്തോളം പേർക്കു തൊഴിലവസരവും ഇത് ഒരുക്കുന്നു.