കൊച്ചി: ജയിച്ചുകഴിഞ്ഞാൽ കാലുമാറില്ല എന്ന് പരസ്യം നൽകേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമാളുകളാണ് കോൺഗ്രസിലുള്ളത്. ഇന്നത്തെ ബിജെപി മന്ത്രിമാരും, എംപിമാർ, എംഎൽഎമാർ, മറ്റു നേതാക്കൾ എന്നിവരിൽ ഗണ്യമായ ഭാഗവും കോൺഗ്രസിൽനിന്നു പോയവരാണെന്നും പിണറായി പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നിമിഷം കൊണ്ട് കോൺഗ്രസ് വിടാനും ബിജെപിയിലേക്ക് ചേക്കേറാനും അവർക്ക് തടസ്സമില്ല.വർഗീയതയുമായി സമരസപ്പെട്ടു നിൽക്കുന്നതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് നേതാക്കൾ വൻതോതിൽ ബി ജെ പി യിലേക്ക് പോകുന്നത്. ബിജെപിക്കെതിരെ, വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസിനു കഴിയില്ല. ബിജെപിക്കെതിരെ ആത്മാർഥതയോടെ അണിനിരക്കാൻ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനു സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനമെടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുകയാണ്. ബിജെപിക്കെതിരായ വോട്ടുകൾ ശിഥിലീകരിക്കുന്ന നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് വർഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടുമായി മുന്നിലുള്ള ഇടതുപക്ഷത്തെയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.