തിരുവനന്തപുരം: ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ തടങ്കൽ പാളയങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തടങ്കൽ പാളയത്തിന്റെ കാര്യത്തിൽ  മുഖ്യമന്ത്രി മുസ്‌ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കു നൽകിയ മറുപടി സമൂഹമാധ്യമങ്ങളിലടക്കം വെെറലായിട്ടുണ്ട്. തടങ്കൽ പാളയങ്ങൾക്കുവേണ്ടി എവിടെയെങ്കിലും തറക്കല്ലിട്ടാൽ അതെടുത്ത് അറബിക്കടലിൽ എറിയുമെന്ന കെ.എം.ഷാജിയുടെ പരാമർശം.

ഷാജിയുടെ പ്രസ്‌താവനയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി ഇങ്ങനെ: “ഇവിടെ പറഞ്ഞല്ലോ ഒരു കല്ലെടുത്ത് എറിയുന്നതിന്റെ കാര്യം. അസമിൽ പോകാത്തത് നന്നായി. പോയെങ്കിൽ അത് കണ്ടിട്ടില്ല (തടങ്കൽ പാളയങ്ങളെ ഉദ്ദേശിച്ച്). 2011 ഡിസംബർ 13ന് അന്നത്തെ യുപിഎ സർക്കാരിന്റെ ആഭ്യന്തര സഹമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടിയുണ്ട്. അതിൽ ഡിറ്റൻഷൻ സെന്ററുകൾ അസമിൽ സ്ഥാപിച്ച കാര്യങ്ങൾ പറയുന്നുണ്ട്. 362 പേരെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച കാര്യവും അതിൽ പറയുന്നുണ്ട്. കേരളത്തിൽ ഡിറ്റൻഷൻ ക്യാംപ് സ്ഥാപിക്കില്ലെന്ന് ഷാജിക്ക് ഉറപ്പായും അറിയാം. കാരണം, ഇവിടെ എൽഡിഎഫ് സർക്കാരല്ലേ ഉള്ളത്. എൽഡിഎഫ് സർക്കാർ ഉറപ്പിച്ചു പറഞ്ഞ കാര്യമല്ലേ ഇതൊക്കെ,”

Read Also: ആദിവാസി ബാലനെക്കൊണ്ട് ചെരുപ്പൂരിച്ചു; തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധം

മുഖ്യമന്ത്രി തുടർന്നു; ” ഈ നാട്ടില്‍, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല. ഇവിടെ പൗരത്വ റജിസ്റ്ററിന്റെ ഭാഗമായുള്ള ഒരു നടപടികളും ഉണ്ടാകില്ല. പൗരത്വ റജിസ്റ്ററിലേക്കു പോകുന്ന ഒരു നടപടിയും ഇവിടെ നടപ്പാക്കില്ല. ഇവിടെ തടങ്കൽ പാളയങ്ങളുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടാകില്ല. ഇതൊക്കെ നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങളാണ്. ഇനി ഒരു കല്ല് എടുത്ത് എറിയണമെങ്കിൽ, ഒരു കല്ലും ചുമന്ന് ഒരു സ്ഥലത്ത് പോയിട്ട് ഇതാണ് ആ കല്ല്, ഞാനിതെടുത്ത് എറിയുകയാണ് എന്നു പറഞ്ഞിട്ട് കൊണ്ടുപോയി എറിയാം. വേറെ ഏതെങ്കിലും നടപടിയുടെ ഭാഗമായിട്ട് ഇവിടെ നിന്ന് ഒരു കല്ലും എടുക്കാൻ പോകുന്നില്ല.”

നിയമസഭയിൽ കെ.എം.ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചും ബഹളമുണ്ടായി. പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്പോഴാണ് കെ.എം.ഷാജി വിവാദ പരാമർശം നടത്തിയത്.

പൗരത്വ റജിസ്റ്റർ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തിൽ കേരളം പോയി എന്ന്‌ പറഞ്ഞായിരുന്നു ഷാജി പ്രസംഗം ആരംഭിച്ചത്. “കേരളം പോയി പക്ഷെ കേന്ദ്രം വിളിച്ച യോഗത്തിന് ബംഗാൾ പോയില്ല. ബംഗാളിൽ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ ഉശിരുണ്ട്‌” എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്‌. ഇത് ഭരണപക്ഷാംഗങ്ങൾ എതിർത്തു. ‘പെണ്ണാണെങ്കിലും..’ എന്ന കെ.എം.ഷാജിയുടെ പരാമർശത്തിനെതിരെ എൽഡിഎഫ് സർക്കാരിലെ വനിതാമന്ത്രിമാരിൽ ഒരാളായ കെ.കെ.ശെെലജ രംഗത്തെത്തി. എം.സ്വരാജ് എംഎൽഎയും കെ.എം.ഷാജിയുടെ പരാമർശത്തെ ചോദ്യം ചെയ്‌തു.

കെ.എം.ഷാജി സഭയുടെ അന്തസിനു നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് കെ.കെ.ശെെലജ കുറ്റപ്പെടുത്തി. ” ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും’ എന്നാണ് കെ.എം.ഷാജി പറഞ്ഞത്. പെണ്ണിനു എന്താണ് കുഴപ്പം? ആണിന്റെ അന്തസ് കാണിച്ചൂ എന്നാ പറഞ്ഞത്. ലജ്ജയില്ലേ ഷാനിമോൾ ഉസ്‌മാന് ഷാജി പറയുന്നത് അടുത്തിരുന്ന് കേൾക്കാൻ?. ” ശെെലജ ടീച്ചർ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിനു പിന്നാലെ തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെടുന്നതാണെന്നും അതുകൊണ്ട് അത് പിൻവലിക്കുകയാണെന്നും കെ.എം.ഷാജി നിയമസഭയിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.