പാലാ: അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിലര്‍ക്ക് അഴിമതി കാണിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ പ്രവണതയുള്ളവരോട് പറയുകയാണ്, മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം (ജയില്‍) കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ പോകുന്നില്ല. അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അങ്ങനെയുള്ള ഒരാളുടെ കഥ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് (വി.കെ.ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി ഉദ്ദേശിച്ച്). അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Read Also: ജയിലില്‍ തലയിണയോ കസേരയോ ഇല്ല; നടുവേദനയുണ്ടെന്ന് ചിദംബരം

അഴിമതിക്കാരോട് സര്‍ക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ല. അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കും. ഇത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും മുഖ്യമന്ത്രി പാലായില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യാപകമായി അഴിമതി നടന്നിരുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. യുഡിഎഫിന്റെ അവസാന കാലത്ത് എന്തെല്ലാം അഴിമതി നടന്നിരുന്നു. അക്കാലത്ത് എല്ലാവരും വേദനിച്ചു. ഈ നാട് ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ഖേദിച്ചവരുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയുടെ അളവ് കുറഞ്ഞാല്‍ പോരാ, അഴിമതി ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതിനുവേണ്ടിയുള്ള നടപടികളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: പാലാരിവട്ടം പാലം അഴിമതി; വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് പാലാ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാക്കി ഉന്നയിക്കുകയാണ് എൽഡിഎഫ് ചെയ്യുന്നത്. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി ഇപ്പോഴത്തെ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഇടത് നേതാക്കൾ പ്രചാരണ പരിപാടികളിൽ ആവർത്തിക്കുന്നു. പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്യാൻ സാധ്യത തെളിഞ്ഞതോടെ പാലാ ഉപതിരഞ്ഞെടുപ്പിൽ ഇത് വലിയ ചർച്ചയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.