മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിരട്ടാൻ പറ്റുന്ന മണ്ണല്ല കേരളമെന്ന് പിണറായി പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്‌ബിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിദഗ്‌ധരുടെ അടക്കം അഭിപ്രായം കണക്കിലെടുത്താണ് കിഫ്‌ബി പ്രവർത്തിക്കുന്നത്. അന്വേഷണ ഏജൻസികൾക്ക് കിഫ്‌ബിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.
Read Also: ശബരിമല നിലപാടിൽ മാറ്റമില്ല, ജയിച്ചാൽ പിണറായി തന്നെ മുഖ്യൻ: യെച്ചൂരി
“കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിരട്ടാൻ പറ്റുന്ന മണ്ണല്ല ഇത്. വിരട്ടലൊക്കെ നടക്കുന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തിന്റേത് ഇടതുപക്ഷ സംസ്‌കാരമാണ്. അതുകൊണ്ട് ഈ വിരട്ടലൊന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം. നേരല്ലാത്ത ഒരു കളിയും കൊണ്ട് ഇങ്ങോട്ട് വരേണ്ട. ഇവിടെ നേരായ കളി കളിച്ചാൽ മതി. കിഫ്‌ബിക്കെതിരെ പുകമറ സൃഷ്‌ടിച്ച് വികസനം തടയലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉദ്ദേശ്യം,” പിണറായി പറഞ്ഞു.
അസാധ്യമെന്ന് തോന്നിയ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ നിറവേറ്റിയെന്ന് പിണറായി പറഞ്ഞു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മാനന്തവാടിയിൽ പിണറായി സംസാരിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിലാണ് കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക.
നാടിന്റെ പുരോഗതിയും ജനാധിപത്യ അടിത്തറയും തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക രാഷ്ട്രീയ ശക്തികൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ ചെറുത്തു നിൽപ്പിന് ഇടതുപക്ഷത്തിന്റെ നേതൃത്വം ജനങ്ങൾക്കുണ്ടാകുമെന്ന് പിണറായി ഉറപ്പ് നൽകി.